Home Kasaragod വിവാഹ തട്ടിപ്പു വീരന്‍ ചീമേനിയില്‍ അറസ്റ്റില്‍

വിവാഹ തട്ടിപ്പു വീരന്‍ ചീമേനിയില്‍ അറസ്റ്റില്‍

by KCN CHANNEL
0 comment

കാസര്‍കോട്: മധ്യവയസ്‌കയെ വിവാഹം കഴിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജുകളില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണൂര്‍, എടക്കാട്, കടമ്പൂര്‍, മമ്മാക്കുന്ന് വാഴയില്‍ ഹൗസില്‍ വി. ഫലീലി (51)നെയാണ് ബുധനാഴ്ച രാത്രി ചീമേനിയില്‍ വച്ച് കണ്ണൂര്‍ എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ കണ്ണപുരം പൊലീസ് ഇന്‍സ്പെക്ടര്‍ പി. ബാബുമോനും സംഘവും പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പല തരത്തിലുള്ള തട്ടിപ്പിലൂടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ആളാണ് ഫലീല്‍ എന്നു പൊലീസ് പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുള്ള ഇയാള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മാത്രം നൂറോളം തട്ടിപ്പ് പരാതികളുണ്ട്. ഭര്‍ത്താവ് മരിച്ച മധ്യവയസ്‌കയെ വിവാഹം കഴിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് വിവിധ ലോഡ്ജുകളില്‍ കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയും 23 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് ഫലീലിനെതിരെ കണ്ണപുരം പൊലീസ് ഏറ്റവും ഒടുവിലെടുത്ത കേസ്. മധ്യവയസ്‌കയുടെ 35 ലക്ഷം രൂപ വില വരുന്ന ഭൂമി വില്‍പ്പന നടത്തിച്ച് ലഭിച്ച 35 ലക്ഷം രൂപയും സ്ത്രീയുടെ പേരില്‍ വായ്പയായെടുത്ത കാറുമായാണ് ഫലീല്‍ മുങ്ങിയത്. കണ്ണൂര്‍ ടൗണില്‍ വച്ച് പരിചയപ്പെട്ട മധ്യവയസ്‌കയെ ഖത്തീബ് എന്നു സ്വയം പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ വിളിച്ച് ഫലീലുമായുള്ള വിവാഹം സ്വര്‍ഗത്തില്‍ വച്ച് നടന്നുവെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പിനും ചൂഷണത്തിനും ഇരയാക്കിയത്. കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം തുടരുന്നതിനിടയിലാണ് ചീമേനിയില്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരം പൊലീസിനു ലഭിച്ചത്. നാലു വിവാഹങ്ങള്‍ കഴിച്ച ആളാണ് ഫലീല്‍ എന്നു പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവില്‍ ഏഴോം, അടിപ്പാലം സ്വദേശിനിയെയാണ് കല്യാണം കഴിച്ചത്. എളമ്പേരത്ത് പുതിയ വീട് പണിത് നാലാം ഭാര്യയ്ക്കൊപ്പം താമസിക്കുന്നതിനിടയിലാണ് മധ്യവയസ്‌കയെ കണ്ണൂര്‍ ടൗണില്‍ വച്ച് പരിചയപ്പെട്ടതും തട്ടിപ്പ് നടത്തിയതും. ആഡംബര കാറുകള്‍ ഇയാളുടെ വീട്ടുമുറ്റത്തു കാണാറുണ്ട് എന്നും അതി സമ്പന്നനാണെന്നു തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഫലീല്‍ അറസ്റ്റിലായ വിവരമറിഞ്ഞ് നിരവധി പേരാണ് കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തില്‍ എസ്.ഐ അഷ്‌കര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ്, സിപിഒ അനൂപ് എന്നിവരും ഉണ്ടായിരുന്നു.

You may also like

Leave a Comment