ഇരട്ട സെഞ്ച്വറി തികച്ച് കോണ്‍വെ; ന്യൂസിലാന്‍ഡിന്റെ ഹിമാലയന്‍ ടോട്ടലിന് മുന്നില്‍ പതറാതെ വിന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി തികച്ച് ന്യൂസിലാന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെ. 367 പന്തില്‍ 31 ഫോറുകള്‍ അടക്കം 227 റണ്‍സാണ് കോണ്‍വെ നേടിയത്.

ക്യാപ്റ്റന്‍ കൂടിയായ ലാതം 137 റണ്‍സുമായും രചിന്‍ രവീന്ദ്ര പുറത്താകാതെ 72 റണ്‍സെടുത്തും തിളങ്ങിയപ്പോള്‍ ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസും തിരിച്ചടിച്ചു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ വിന്‍ഡീസ് 110 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി ജോണ്‍ കാംപെലും 55 റണ്‍സുമായി ബ്രണ്ടന്‍ കിങ്ങുമാണ് ക്രീസില്‍.

ഈ മത്സരം സമനിലയാകുകയോ ജയിക്കുകയോ ചെയ്താല്‍ ന്യൂസിലന്‍ഡിന് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം സമനിലയായപ്പോള്‍ രണ്ടാം മത്സരം കിവികള്‍ ജയിച്ചിരുന്നു.

Scroll to Top