2026ല്‍ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്നവും

വരും വര്‍ഷങ്ങള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് കനത്ത വെല്ലുവിളി നിറഞ്ഞ കാലമായിരിക്കും എന്ന് റിപ്പോര്‍ട്ട്. 2026 ല്‍ സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ വിലയേറിയതായിത്തീരുമെന്ന് മാത്രമല്ല, അവയുടെ സവിശേഷതകള്‍, പ്രത്യേകിച്ച് റാം ശേഷി കുറയാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ദ്ധിച്ചുവരുന്ന മെമ്മറി ചിപ്പിന്റെ വില കമ്പനികളെ പുതിയ വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാക്കുന്നതാണ് ഇതിന് കാരണം.

ഇന്ത്യ പോലുള്ള ഒരു വിപണിയില്‍, ഉപഭോക്താക്കള്‍ വിലയെക്കുറിച്ച് വളരെ സെന്‍സിറ്റീവ് ആയതിനാല്‍, കമ്പനികള്‍ക്ക് നിരന്തരം വില ഉയര്‍ത്താന്‍ കഴിയില്ല. അതിനാല്‍, വില കുറയ്ക്കാന്‍ കമ്പനികള്‍ ഫോണുകളിലെ റാം കുറച്ചേക്കാം. 2026 ആകുമ്പോഴേക്കും 16 ജിബി റാമുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഏതാണ്ട് ഇല്ലാതാകുമെന്ന് ഒരു ടിപ്സ്റ്റര്‍ അവകാശപ്പെടുന്നു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മെമ്മറി ക്ഷാമം കാരണം 2026 ല്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ 16 ജിബി റാം മോഡലുകള്‍ പുറത്തിറക്കുന്നത് നിര്‍ത്തുമെന്ന് ദക്ഷിണ കൊറിയന്‍ ടിപ്സ്റ്റര്‍ ലാന്‍സുക് (yeux 1122) ആണ് അടുത്തിടെ ഒരു പോസ്റ്റില്‍ അവകാശപ്പെട്ടത്. തങ്ങളുടെ ലാഭം നിലനിത്തുന്നതിനായി ബ്രാന്‍ഡുകള്‍ ഹാന്‍ഡ്സെറ്റുകളുടെ വില വര്‍ദ്ധിപ്പിക്കുകയോ സ്പെസിഫിക്കേഷനുകള്‍ കുറയ്ക്കുകയോ ചെയ്യുമെന്നും ടിപ്സ്റ്റര്‍ പ്രവചിക്കുന്നു.

അതേസമയം, 12 ജിബി റാമുള്ള ഫോണുകളുടെ ഉത്പാദനം 40 ശതമാനം കുറയാനിടയുണ്ട് എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരുപക്ഷേ അവ 6 ജിബി അല്ലെങ്കില്‍ 8 ജിബി റാമുള്ള മോഡലുകളിലേക്ക് റീപ്ലേസ് ചെയ്യപ്പെടും ഒരുകാലത്ത് ഔട്ട്‌ഡേറ്റഡ് ആയ 4GB റാം ഉള്ള ഫോണുകള്‍ തിരിച്ചുവരവ് നടത്തും എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന ഒരു കാര്യം. അതായത് കുറഞ്ഞ സവിശേഷത ഉള്ള ഫോണുകള്‍ക്ക് പോലും നിലവിലെ വിലയേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടി വന്നേക്കാം.

2026 ല്‍ ആഗോള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2.1 ശതമാനം കുറയാന്‍ സാധ്യതയുണ്ട് എന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ പുതുക്കിയ ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ഷിപ്പ്‌മെന്റ് ട്രാക്കര്‍ ആന്‍ഡ് ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന മെമ്മറി ക്ഷാമവും വിലയും മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം ചൂണ്ടിക്കാണിക്കുന്നു. 200 ഡോളറില്‍ താഴെ (ഏകദേശം 18,000 രൂപ) വിലയുള്ള ബജറ്റ് ഹാന്‍ഡ്സെറ്റുകളെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക എന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ എംഎസ് ഹ്വാങ് പറഞ്ഞു.

റാം ക്ഷാമം സ്മാര്‍ട്ട്ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കുക മാത്രമല്ല പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെയും ബാധിക്കും. അതായത് റാം ക്ഷാമം പി സികളുടെയും ലാപ്ടോപ്പുകളുടെയും വില വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡെല്‍, ലെനോവോ തുടങ്ങിയ കമ്പനികള്‍ അവരുടെ ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും വില 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ നിരവധി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ നിലവിലുള്ള ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Scroll to Top