നിലവില്‍ ഓരോ ക്ലാസുകള്‍ അനുസരിച്ച് കമ്പാര്‍ട്ടുമെന്റുകളില്‍ ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്
ട്രെയിന്‍യാത്ര ചെയ്യുമ്പോള്‍ കയ്യിലുള്ളത് പരിധിയില്‍ കൂടുതല്‍ ഭാരമുള്ള ലഗേജാണെങ്കില്‍ അധിക ചാര്‍ജ് നല്‍കിയേ തീരുവെന്ന് ലോക്സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വെമിറെഡ്ഢി പ്രഭാകര്‍ റെഡ്ഢി എംപിയുടെ ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് മറുപടി നല്‍കിയത്. വിമാനത്താവളങ്ങളില്‍ നടപ്പാക്കുന്നതിന് സമാനമായി ട്രെയിനുകളില്‍ ബാഗേജ് റെഗുലേഷന്‍സ് നടപ്പിലാക്കുമോ എന്നായിരുന്നു എംപിയുടെ ചോദ്യം.
നിലവില്‍ ഓരോ ക്ലാസുകള്‍ അനുസരിച്ച് കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രികര്‍ക്ക് ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ക്ലാസ് അനുസരിച്ച് തരംതിരിച്ച ഫ്രീ അലവന്‍സിന്റെയും ഭാരപരിധിയുടെയും വിവരങ്ങള്‍ സഹിതമാണ് അശ്വിനി വൈഷ്ണവ് നല്‍കിയത്. ഈ വിവരം അനുസരിച്ച് സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 35 കിലോ ഭാരമുള്ള ലഗേജാണ് സൗജന്യമായി ഒപ്പം കരുതാന്‍ കഴിയുക. ഇതിന് മുകളില്‍ 70 കിലോഗ്രാം വരെ ഭാരമുള്ള ലഗേജിന് പണം ഈടാക്കും. സ്ലീപ്പര്‍ ക്ലാസ് പാസഞ്ചര്‍മാര്‍ക്കാണെങ്കില്‍ സൗജന്യമായി നാല്പത് കിലോഗ്രാം ഭാരമുള്ള ലഗേജ് വരെ കൊണ്ടുപോകാം. എന്നാല്‍ ഇതിന് മുകളില്‍ എണ്‍പത് കിലോഗ്രാം വരെ ഭാരമുള്ള ലഗേജിനൊപ്പമാണ് യാത്രയെങ്കില്‍ പണം അടയ്ക്കേണ്ടതായി വരും.
എസി 3 ടയര്‍ അല്ലെങ്കില്‍ ചെയര്‍ കാര്‍ യാത്രികരുടെ കാര്യമാണെങ്കില്‍ അവര്‍ക്ക് സൗജന്യമായും പരമാവധിയും ഒപ്പം കൊണ്ട് പോകാവുന്ന ലഗോജിന്റെ ഭാരപരിധി നാല്‍പത് കിലോഗ്രാം മാത്രമാണ്. ഫസ്റ്റ് ക്ലാസ്, എസി ടു ടയര്‍ യാത്രികര്‍ക്ക് സൗജന്യമായി അമ്പത് കിലോഗ്രാം ഭാരമുള്ള ലഗേജാണ് കൊണ്ട്പോകാന്‍ കഴിയുക. അതിന് മുകളില്‍ നൂറു കിലോഗ്രാം ഭാരമുള്ള ലഗേജുകളാണ് ഒപ്പം കരുതുന്നതെങ്കില്‍ പണം നല്‍കി വരും. എസി എഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് എഴുപത് കിലോഗ്രാം ലഗോജ് വരെ സൗജന്യമായി ഒപ്പം കൂട്ടാം. അതേസമയം 70 കിലോഗ്രാമിന് മുകളില്‍ 150 കിലോഗ്രാം വരെ ഭാരമുള്ള ലഗേജുകള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കും.
100സെന്റീമീറ്റര്‍ നീളവും 60സെന്റിമീറ്റര്‍ വീതിയും 25സെന്റിമീറ്റര്‍ ഉയരവുമുള്ള ട്രങ്കുകള്‍, സ്യൂട്ട്ക്കേസുകള്‍, ബോക്സുകള്‍ എന്നിവ പേഴ്സണല്‍ ലഗേജായി പാസഞ്ചര്‍ കമ്പാര്‍ട്ട്മെന്റില്‍ കൊണ്ടുപോകാം. ഈ അളവില്‍ ഏതെങ്കിലും ഒന്നെങ്കിലും കൂടുതലുള്ള ബോക്സുകളാണെങ്കില്‍, അവ ബുക്ക് ചെയ്ത് ബ്രേക്ക് വാന്‍(എസ്എല്‍ആര്‍), പാര്‍സല്‍ വാന്‍ എന്നിവയിലെ കൊണ്ടുപോകാന്‍ കഴിയു. സാധാരണ കമ്പാര്‍ട്ട്മെന്റില്‍ ഇവ കൊണ്ടുപോകാന്‍ അനുമതിയില്ല. വില്‍ക്കാനും വാങ്ങാനുമുള്ള സാധനങ്ങള്‍ (merchandised items) പേഴ്സണല്‍ ലഗേജായി കൊണ്ടുപോകാന്‍ കഴിയില്ല.




