പാചകം ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് മിക്ക ആളുകളും. ഓരോ ഭക്ഷണ സാധനങ്ങളും വ്യത്യസ്തമായ രീതിയിലാണ് പാചകം ചെയ്‌തെടുക്കേണ്ടതും. പാകമാകാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
ഫ്രീസറില്‍ സൂക്ഷിച്ച ഇറച്ചി
ഫ്രീസറില്‍ വെച്ച ഇറച്ചി ഒരിക്കലും റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കരുത്. തണുപ്പില്‍ നിന്നും പുറത്തെടുത്ത് വെയ്ക്കുമ്പോള്‍ പെട്ടെന്ന് താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അണുക്കള്‍ പെരുകാന്‍ കാരണമാകുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഇറച്ചിയുടെ പുറംഭാഗത്തെ തണുപ്പ് മാത്രമാണ് മാറുന്നത്. അകം അപ്പോഴും ഐസായിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഫ്രീസറില്‍ വെച്ച ഇറച്ചി വെള്ളത്തിലിട്ട് വെയ്ക്കുകയോ, ഓവനില്‍ ചൂടാക്കുന്നതോ ആണ് നല്ലത്.
കട്ടിങ് ബോര്‍ഡ് ഉപയോഗം
ഓരോ ഭക്ഷണ സാധനങ്ങളും മുറിക്കാന്‍ വെവ്വേറെ കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് പച്ചക്കറികള്‍ മുറിക്കുന്ന കട്ടിങ് ബോര്‍ഡ്, ഇറച്ചി മുറിക്കാന്‍ ഉപയോഗിക്കരുത്. ഇതില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കാനും അണുക്കള്‍ ഉണ്ടാവാനും കാരണമാകുന്നു.
ഇറച്ചി കഴുകുന്നത്
ഇറച്ചി കഴുകി വൃത്തിയാക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടും മൂന്നും വെള്ളത്തില്‍ ഇറച്ചി കഴുകുന്നവരുണ്ട്. എന്നാല്‍ കഴുകിയതുകൊണ്ട് മാത്രം അണുക്കള്‍ നശിക്കുകയില്ല. നന്നായി പാകം ചെയ്താല്‍ മാത്രമേ ഇറച്ചിയിലെ അണുക്കള്‍ പൂര്‍ണമായും ഇല്ലാതാവുകയുള്ളൂ.
ചോറ് തണുപ്പിക്കുന്നത്
തണുപ്പിക്കാന്‍ വേണ്ടി ചോറ് പുറത്ത് വെയ്ക്കുന്നത് ഒഴിവാക്കാം. ഇത് അണുക്കള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ചോറ് റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഉപയോഗം കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.




