വന്ദേഭാരത് – അമൃത് ഭാരത് സര്‍വീസുകള്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ റെയില്‍വേയുടെ മുഖം തന്നെ മാറിയിരിക്കുകയാണ്. റെയില്‍വേ മന്ത്രാലയം ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് പരാതികള്‍ ഇപ്പോഴും നിരവധിയുണ്ടെങ്കിലും മറുവശത്ത് മികച്ച ടെക്നോളജിയിലൂടെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിച്ചു എന്നതിനൊപ്പം യാത്രാസമയം ചുരുക്കി പെട്ടെന്ന് ലക്ഷ്യങ്ങളിലെത്താമെന്ന മേന്മയും ഇന്ത്യന്‍ റെയില്‍വേ സ്വന്തമാക്കി.
ഇന്ത്യയില്‍ നിലവില്‍ എത്ര വന്ദേഭാരത ട്രെയിനുകള്‍ സര്‍വീസ് നടത്തുണ്ടെന്ന് അറിയാമോ? 164 വന്ദേ ഭാരത് സര്‍വീസുകളാണ് ഇപ്പോഴുള്ളത്. അതായത് ഇരുവശത്തേക്കുമായി 82 ട്രെയിനുകള്‍ കുതിച്ചുപായുന്നുണ്ട്. ഈ വന്ദേഭാരതുകളിലെല്ലാം മികച്ച അത്യാധുനിക ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. KAVACH സംരക്ഷമാണ് അതില്‍ പ്രധാനപ്പെട്ടത്. ജെര്‍ക്ക് ഫ്രീ സെമി – പെര്‍മനന്റ് കപ്പളേഴ്സ്, കോച്ചുകളിലെ സിസിടിവി, എമര്‍ജന്‍സി അലാം പുഷ് ബട്ടനുകള്‍, ഓരോ കോച്ചിലും ടോക്ക് ബാക്ക് യൂണിറ്റുകള്‍ എന്നിവയെല്ലാം വന്ദേഭാരതിലുള്‍പ്പെടും.
മുഴുവനും നോണ്‍ എസിയായ ആധുനിക ട്രെയിനുകളും ഇന്ത്യന്‍ റെയില്‍വേ യാത്രികര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ മുപ്പത് അമൃത് ഭാരത് സര്‍വീസുകളാണ് നടക്കുന്നത്. ഓരോ ദിശകളിലുമായി 15 ട്രെയിനുകളാണ് ഓടുന്നത്. പതിനൊന്ന് ജനറല്‍ കോച്ചുകള്‍, എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, ഒരു പാന്‍ട്രി കാര്‍, രണ്ട് ലഗേജ് കം ദിവ്യാംഗന്‍ കോച്ചുകളും ഇതില്‍ ഉള്‍പ്പെടും.
അതേസമയം മുംബൈയുടെ എസി ലോക്കല്‍ ശൃംഖലയുമായി ബന്ധപ്പെട്ട് വമ്പന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മുംബൈ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പദ്ധതിയുടെ ഫേസ്3, ഫേസ് 3A എന്നിവയുടെ കീഴില്‍ പുതിയ 238 എസി ലോക്കല്‍ ട്രെയിനുകള്‍ വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുംബൈയുടെ തിരക്കുനിറഞ്ഞ സബര്‍ബന്‍ യാത്രയിലെ തിരക്കുകള്‍ പരിഗണിച്ച് പ്രത്യേകമായി രൂപകല്‍പന ചെയ്ത ട്രെയിനുകളായിരിക്കും ഇവ. ഒരു കമ്പാര്‍ട്ട്മെന്റില്‍ നിന്നും അടുത്തതിലേക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വെസ്റ്റിബ്യൂള്‍ കോച്ചുകളാണ് പ്രധാന പ്രത്യേകത.




