മൊഗ്രാല്‍.റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ മാസം 29,30,31 തീയതികളിലായി നടക്കാനിരിക്കെ കാട് നിറഞ്ഞും, മണ്ണുകള്‍ കൂട്ടിയിട്ടും ശോചനീയാവസ്ഥയിലുള്ള സ്‌കൂള്‍ റോഡ് നന്നാക്കണമെന്ന ആവശ്യത്തില്‍ മുഖം തിരിച്ച് പിഡബ്ല്യുഡി വിഭാഗം.
കലോത്സവത്തിന്റെ പ്രധാന കവാടമായ മൊഗ്രാല്‍ ടൗണ്‍ മുതല്‍ യൂനാനി ഡിസ്‌പെന്‍സറി വരെയുള്ള സ്‌കൂള്‍ റോഡിന്റെ ഇടതുവശത്ത് കാടുകള്‍ നിറഞ്ഞും, മണ്ണുകള്‍ കൂട്ടിയിട്ടും വികൃതമായി കിടക്കുന്നത് മാസങ്ങള്‍ക്കു മുമ്പ് തന്നെ പിഡബ്ല്യുഡി അധികൃതരെ സ്‌കൂള്‍ പിടിഎയും, സന്നദ്ധ സംഘടനകളും ശ്രദ്ധയില്‍പ്പെടുത്തുകയും, നിവേദനം നല്‍കുകയും ചെയ്തിരുന്നു. നന്നാക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പും നല്‍കിയതാണ്. എന്നാല്‍ കലോത്സവത്തിന് 5 നാള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും പിഡബ്ല്യുഡിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
ഈ മാസം ആദ്യം നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ സ്‌കൂള്‍ റോഡ് ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ സ്‌കൂള്‍ അധികൃതരും,സബ് കമ്മിറ്റി ഭാരവാഹികളും എ ഇ യേയും പിഡബ്ല്യുഡി ഓഫീസിലേക്കും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ലെ ന്നാണ് പരാതി. വിവരം സംഘാടകസമിതി അംഗങ്ങള്‍ വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്.
ഫോട്ടോ:കാടുമുടി വൃത്തിഹീനമായി കിടക്കുന്ന കലോത്സവ നഗരിയിലെ സ്‌കൂള്‍ റോഡ്.




