ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലറുമാണ്
വി വി രാജേഷ്
തിരുവനന്തപുരം :
കേരള രാഷ്ട്രീയത്തില്‍ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ഭാരതീയ ജനത പാര്‍ട്ടി പിടിച്ചെടുത്തു. കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.
ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലറുമായ അഡ്വ. വി വി രാജേഷിനെ മേയറായി പാര്‍ട്ടി പ്രഖ്യാപിച്ചു. ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 50 സീറ്റുകള്‍ നേടിയാണ് അട്ടിമറി വിജയം കരസ്ഥമാക്കിയത്. 2020-ല്‍ 35 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തിയപ്പോള്‍, നാല് പതിറ്റാണ്ടിലേറെയായി ഭരണം കൈയാളിയ എല്‍ഡിഎഫ് 29 സീറ്റുകളിലേക്ക് ചുരുങ്ങി. മേയര്‍ സ്ഥാനത്തേക്ക് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ദീര്‍ഘകാലത്തെ രാഷ്ട്രീയ പരിചയം മുന്‍നിര്‍ത്തി വി വി രാജേഷിനെ തന്നെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. കൗണ്‍സിലര്‍ ജി എസ് ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ആണ് പുതിയ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 101 അംഗ ഭരണസമിതിയില്‍ കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകളാണ് വേണ്ടത്. 50 സീറ്റുകള്‍ നേടിയ ബിജെപി സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം ഉറപ്പിക്കാനാണ് നീക്കം നടത്തുന്നത്. ഈ വിജയം വരാനിരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.




