മഹാത്മജിയോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അനാദരവ്:മൊഗ്രാല്‍ ദേശീയവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മൊഗ്രാല്‍.രാജ്യത്തെ ഗ്രാമീണ ജനതയുടെ തൊഴിലില്ലായ്മയും, പട്ടിണിയുമകറ്റാന്‍ മഹാത്മാജി വിഭാവനം ചെയ്ത ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മജിയുടെ പേര് തുടച്ച് മാറ്റി രാഷ്ട്രപിതാവിനോട് അനാദരവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ ദേശീയവേദി മൊഗ്രാലില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മഹാത്മജിയുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

ഇന്ത്യയെന്ന രാജ്യത്തിന്റെയും, ജനതയുടെയും, ജീവാത്മാവും പരമാത്മാവുമാണ് ഗാന്ധിജി.മതങ്ങളെയും, ഭാഷകളെയും, ജാതികളെയും അതിജീവിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദേശമായിരുന്നു ഗാന്ധിജിയുടെ ഇന്ത്യ.ഒരു ദേശത്തിന്റെ പേര് ഒരു മനുഷ്യനായി ഇത്രമേല്‍ ലയിച്ച ചരിത്രം അപൂര്‍വമാണ്.സത്യവും അഹിംസയും ആയുധമാക്കി ഒരു സാമ്രാജ്യത്തെ വിറപ്പിച്ച ഗാന്ധിജി ഇന്ത്യയുടെ മനസ്സാക്ഷിയായി മാറി. ഗാന്ധിജി വിഭാവനം ചെയ്ത് യൂപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ100 ദിവസത്തെ തൊഴിലവകാശം ദരിദ്രരായ മനുഷ്യരോടുള്ള നീതിക്കായിരുന്നു.ഈ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുരങ്കം വെച്ചിരിക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ തൊഴിലറപ്പ് പദ്ധതിയില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് എടുത്തു കളഞ്ഞ നടപടി കേന്ദ്രസര്‍ക്കാര്‍ പുനഃ പരിശോധിക്കണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. പ്രതിഷേധ കൂട്ടായ്മ ദേശീയവേദി ഗള്‍ഫ് പ്രതിനിധി എ എം ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

ദേശീയവേദി ജോ: സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സാഹിബ്,സീനിയര്‍ അംഗങ്ങളായ ഹമീദ് പെര്‍വാഡ്,കെഎം മുഹമ്മദ് മൊഗ്രാല്‍,മസൂദ് കാടിയംകുളം,ഗള്‍ഫ് പ്രതിനിധി എല്‍ ടി മനാഫ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം എ മൂസ,എം എം റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,മുഹമ്മദ് സ്മാര്‍ട്ട്,അഷ്‌റഫ് പെര്‍വാഡ്,അബ്ദുള്ള കുഞ്ഞി നടുപ്പളം എന്നിവര്‍ സംബന്ധിച്ചു.ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.

ഫോട്ടോ:ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാജിയുടെ പേര് വെട്ടി മാറ്റിയതില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.

Scroll to Top