ഹൃദയമിടിപ്പ് പെട്ടെന്ന് വര്‍ധിക്കാറുണ്ടോ? ഈ സാഹചര്യത്തില്‍ എന്ത് ചെയ്യും!

ഓടുകയോ വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്താല്‍ നമ്മുടെ ഹൃദയമിടിപ്പ് വര്‍ധിക്കും. ഇത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ അസാധാരണമായ തരത്തില്‍ ഹൃദയമിടിപ്പുണ്ടായാലോ? പിന്നാലെ നെഞ്ചുവേദന കൂടി വന്നാല്‍ എന്ത് ചെയ്യും? മേരിലാന്‍ഡില്‍ അനസ്തേഷ്യോളജി ഫിസിഷനായ ഡോ കുനാല്‍ സൂദ് ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് പറഞ്ഞു തരികയാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ.

ഇത്തരം അവസ്ഥയെ ‘സുപ്രവെന്‍ട്രിക്കുലാര്‍ ടക്കികാര്‍ഡിയ’ (SVT) എന്നാണ് പറയുന്നത്. ഹൃദയമിടിപ്പ് പെട്ടെന്ന് വര്‍ധിക്കുന്ന അവസ്ഥ, ഒരു മിനിറ്റില്‍ 170 തവണ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തവണ ഹൃദയമിടിക്കും. പതിയെ ഈ ഹൃദയമിടിപ്പ് കൂടി കൂടി വരും.

ഹൃദയത്തിന്റെ മുകളിലെ അറയിലുണ്ടാവുന്ന ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ഫലമാണിതെന്നാണ് ഡോ സൂദ് ചൂണ്ടിക്കാട്ടുന്നത്. ഹൃദയമിടിപ്പിന് കാരണമാകുന്ന നാഡീ വ്യവസ്ഥയെ ഇത് സ്വാധീനിക്കും. ഇതോടെ ഹൃദയമിടിപ്പ് സാധാരണയിലും കൂടാനിടയാവും. വ്യായാമം, ഡീഹൈട്രേഷന്‍, ഉറക്കക്കുറവ്, കഫീന്‍ പോലുള്ളവയിലെ സ്റ്റിമുലന്റ്സ് എന്നിവയാണ് ഇത്തരം അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നത്. ഇതിനാല്‍ ഓടുമ്പോഴോ വര്‍ക്ക്ഔട്ടുകള്‍ ചെയ്യുമ്പോഴോ ഈ അവസ്ഥ ഉണ്ടാകാം.

ഇത്തരം സാഹചര്യങ്ങളില്‍ ആദ്യം ഓര്‍ക്കേണ്ടത് നിങ്ങള്‍ എന്താണോ ചെയ്ത് കൊണ്ടിരുന്നത്, അത് അവസാനിപ്പിച്ച് വിശ്രമിക്കുക എന്നതാണ്. സമാധാനമായി ഇരിക്കാന്‍ ശ്രമിക്കണം. ചിലപ്പോള്‍ വേഗസ് നെര്‍വ് ആക്ടീവേറ്റാകുന്നതോടെ ഹൃദയമിടിപ്പ് പഴയപടിയാകും. മുഖത്തേക്ക് കുറച്ച് തണുത്ത വെള്ളം തളിക്കുക, പതിയെ ദീര്‍ഘമായി ശ്വാസമെടുക്കുക, ശാന്തമായിരിക്കുക എന്നിവ ചെയ്യാം.

ഇത്തരം സാഹചര്യം ജീവന് ഭീഷണിയല്ലെങ്കിലും ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞില്ലെങ്കിലോ ഒപ്പം നെഞ്ച്വേദന, തലകറക്കം, ശ്വാസംമുട്ട്, ബോധക്ഷയം എന്നിവ ഉണ്ടാവുകയോ ചെയ്താല്‍ ചികിത്സ തേടണം.

Scroll to Top