പാലക്കാട്: പിണറായി വിജയന്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളില്‍ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും എകെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞെടുപ്പ് പ്രചാരണത്തിന നേതൃത്വം നല്‍കുന്നയാള്‍ അടുത്ത മുഖ്യമന്ത്രിയാകും. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും. അബോര്‍ട്ട് ചെയ്യാന്‍ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോള്‍ത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും എകെ ബാലന്‍ പറഞ്ഞു. ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പൂര്‍ണമായി അബോര്‍ട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലര്‍ പൊടിക്കാരന്റെ സ്വപ്നമാണെന്നും എകെ ബാലന്‍ പരിഹസിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാല്‍ തന്നെ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. വെള്ളാപ്പള്ളി നടേശന്‍ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല.
ലീഗിനെയാണ് വെളളാപ്പള്ളി വിമര്‍ശിക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നും എകെ ബാലന്‍ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും എകെ ബാലന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ സി പി എം നേതാക്കള്‍ക്കെതിരെ ഉചിതമായ ഘട്ടത്തില്‍ നടപടിയുണ്ടാകും. സ്വര്‍ണക്കൊള്ള വിഷയം എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു. പോറ്റിയെ കണ്ടേ, സോണിയ കണ്ടു എന്ന് പാടാന്‍ അവര്‍ക്ക് നാവെന്താ പൊന്താത്തതെന്നും എകെ ബാലന്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ നിലപാട് അറിയിച്ചതാണെന്നും എകെ ബാലന്‍ പറഞ്ഞു. തന്റെ ഭാര്യയുടെ പേരും കഴിഞ്ഞ തവണ കേട്ടിരുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു.




