2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഇന്ത്യയുടെ നെടും തൂണായത് യുവരാജ് സിങ്ങായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന് ശേഷം താരത്തിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ശ്വാസകോശത്തിനും ഹൃദയത്തിനുമിടയില്‍ പിടിപെട്ട ട്യൂമര്‍ മൂലം തന്നോട് മാസങ്ങള്‍ മാത്രമേ ജീവിക്കുകയുള്ളൂവെന്നാണ് പറഞ്ഞതെന്ന് യുവരാജ് സിങ് പറയുന്നു. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പിറ്റേഴ്സണിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു യുവി. യുഎസിലെ ഡോക്റ്റര്‍ ലോറന്‍സ് ഐന്‍ഹോണിന്റെ വാക്കുകള്‍ ശക്തിനല്‍കിയെന്നും യുവി പറഞ്ഞു.
‘എനിക്ക് മൂന്ന് മുതല്‍ ആറ് മാസം വരെ മാത്രമേ ജീവിക്കാന്‍ കഴിയുള്ളുവെന്ന് എന്നോട് പറഞ്ഞിരുന്നു. എന്റെ ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലായിരുന്നു ട്യൂമര്‍. കീമോതെറാപ്പിക്ക് പോയില്ലെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു.
യു എസില്‍ ചികിത്സക്ക് എത്തിയപ്പോള്‍ ഡോ. ലോറന്‍സ് ഐന്‍ഹോണ്‍ എന്നോട് പറഞ്ഞു, ഒരിക്കലും കാന്‍സര്‍ രോഗം പിടിപെടാതിരുന്ന ഒരു മനുഷ്യനായി ഞാന്‍ പുറത്തുപോകുമെന്ന്. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ശക്തി നല്‍കി. എനിക്ക് സുഖം പ്രാപിച്ച് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങാമെന്ന് പറഞ്ഞപ്പോള്‍, അത് ഒരു രണ്ടാം ജീവിതം ലഭിച്ചതുപോലെയായിരുന്നു,’ യുവി പറഞ്ഞു.




