റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ വന്നു പോകുമ്പോഴും ട്രെയിനുകളിലെ യാത്രാദുരിതത്തിന് പരിഹാരമാവുന്നില്ല, പ്രതിഷേധം ശക്തമാവുന്നു.

കാസര്‍ഗോഡ്:മാറി,മാറി വരുന്ന പാലക്കാട് ഡിവിഷന്‍ റെയില്‍വേ ജനറല്‍ മാനേജറും, ഉദ്യോഗസ്ഥരും റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുമ്പോഴും മലബാറിലെ ട്രെയിനുകളിലെ യാത്രാദുരിതത്തിന് പരിഹാരമാവുന്നില്ല. ട്രെയിനുകളില്‍ കയറിപ്പറ്റാന്‍ ഇടമില്ലാതെ ടിക്കറ്റ് എടുത്തവര്‍ മടങ്ങി പോകേണ്ട അവസ്ഥയാനുള്ളത്. തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്‌മെന്റ്കളിലേക്ക് എങ്ങനെയെങ്കിലും കയറി പറ്റാനുള്ള യാത്രക്കാരുടെ ശ്രമത്തെ റെയില്‍വേ പോലീസ് അപകടം മണത്തെറിഞ്ഞു തടയുന്നുമുണ്ട്.ഇത് യാത്രക്കാരും,പോലീസും തമ്മിലുള്ള വാഗ്വാദത്തിനും കാരണമാവുന്നുണ്ട്.

കാസര്‍ഗോഡ് നിന്ന് കോഴിക്കോട് ഭാഗത്തേക്കും,തിരിച്ചും ചുരുക്കം ചില ട്രെയിനുകള്‍ മാത്രമാണുള്ളത്. രാവിലെയും, വൈകുന്നേരങ്ങളിലുമാണ് വലിയ തോതിലുള്ള തിരക്ക് ഈ സമയങ്ങളില്‍ അനുഭവപ്പെടുന്നത്. സൂചി കുത്താനിടമില്ലാത്ത രീതിയിലാണ് തിരക്ക് അനുഭവപ്പെടുന്നതും. സ്ത്രീകളും,കുട്ടികളും, രോഗികളുമടക്കമുള്ള യാത്രക്കാര്‍ക്കാണ് ദുരിതമേറെയും. സര്‍ക്കാര്‍ ജീവനക്കാരും ആശ്രയിക്കുന്നത് ഇത്തരം ട്രെയിനുകളെയാണ്. ട്രെയിനുകളില്‍ കോച്ചുകള്‍ കൂട്ടേണ്ട അവസ്ഥയില്‍ കുറക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്.ഇത് യാത്ര ദുരിതത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, വിദ്യാര്‍ത്ഥികളും,മറ്റു യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്ന കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്.ശ്വാസം മുട്ടി നിന്നാണ് പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്.ഇതുമൂലം ബോധരഹിതരായി വീഴുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാരും, പാസഞ്ചേഴ്‌സ് അസോസിയേഷനും, വ്യാപാരികളും, വിദ്യാര്‍ത്ഥികളും,സന്നദ്ധ സംഘടനകളുമൊക്കെ ഈ വിഷയം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്കും,റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും നിരന്തരമായി പരാതികള്‍ നല്‍കി വരുന്നുണ്ട്. ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിക്കുന്നതിനോ,ഈ സമയങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനോ യാതൊരു നടപടിയും റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.എന്നാല്‍ പാലക്കാട് ഡിവിഷനില്‍ മാറിമാറി വരുന്ന ജനറല്‍ മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് മടങ്ങിപ്പോകുന്നുമുണ്ട്.

വിഷയം വലിയ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തില്‍ യാത്രക്കാര്‍ സംഘടിച്ച് പ്രതിഷേധ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ഇതിന് പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും,സന്നദ്ധ സംഘടനകളുടെയും പിന്തുണയുമുണ്ട്.

Scroll to Top