കുതിച്ചുയര്‍ന്ന് ആപ്പിള്‍; ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 5,000 കോടി ഡോളര്‍ (4.51 ലക്ഷം കോടി രൂപ) ആണ് പിന്നിട്ടിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പിഎല്‍ഐ സ്‌കീം (ഉത്പാദന അനുബന്ധ പദ്ധതി) ന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. (Apple’s India-Made iPhones cross $50 billion in exports)

അഞ്ചുവര്‍ഷത്തെ പിഎല്‍ഐ സ്‌കീം അവസാനിക്കാന്‍ ഇനി മൂന്ന് മാസം ബാക്കിനില്‍ക്കേയാണ് ഈ നേട്ടം. 2021-22 മുതല്‍ ഇന്ത്യയില്‍ ആരംഭിച്ച ഉത്പാദനത്തിന്റെ മൊത്തം കയറ്റുമതി മൂല്യമാണ് 5,000 കോടി ഡോളര്‍. ആപ്പിളിന്റെ ആഗോള എതിരാളികളായ സാംസങ് പിഎല്‍ഐ പദ്ധതിക്ക് കീഴിലുള്ള കാലയളവില്‍ 17 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടത്തിയത്.

നിലവില്‍ ടാറ്റായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നും ഫോക്‌സ്‌കോണിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടും ഐഫോണ്‍ പ്ലാന്റുകളാണ് ഇന്ത്യയില്‍ ഉള്ളത്. നടപ്പു സാമ്പത്തികവര്‍ഷത്തിലെ ആദ്യ ഒമ്പതുമാസക്കാലങ്ങളില്‍ ആകെ 1,600 കോടി ഡോളറിന്റെ (1.44 ലക്ഷം കോടി രൂപ) ഐഫോണ്‍ ആയിരുന്നു കയറ്റി അയച്ചിരുന്നത്. 2024-25 കാലത്തില്‍ ഇത് 1,750 കോടി ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയുടെ 75 ശതമാനവും ഇപ്പോള്‍ ആപ്പിള്‍ ആണ് നടത്തുന്നത്.

Scroll to Top