പാലക്കാട്
ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാന്‍ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയില്‍ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തല്‍. കെ സുരേന്ദ്രന്‍, പ്രശാന്ത് ശിവന്‍, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താല്‍പര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജന്‍സിയെ, ഓരോ മണ്ഡലത്തിന്റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തില്‍ ഔദ്യോഗികമായി സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം ഉണ്ണി മുകുന്ദന്‍ മത്സരിച്ചാല്‍ പാലക്കാട് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതേ സമയം ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരും സജീവ പരിഗണനിയിലുണ്ട്. അദ്ദേഹം മത്സരിച്ചാല്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. ശോഭ സുരേന്ദ്രന് പാലക്കാട്ടേയ്ക്ക് വരാന്‍ താത്പര്യമില്ല എന്ന സൂചനയാണുള്ളത്.




