തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍: 823 പേര്‍ക്കു യാത്ര ചെയ്യാം; മൂന്ന് മണിക്കൂര്‍ ലാഭിക്കാം

തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍ ഒരുങ്ങുന്നു. ബെംഗളൂരു മലയാളികള്‍ക്ക് ഇനി യാത്രയില്‍ മൂന്ന് മണിക്കൂര്‍ ലഭിക്കാം. 16 കോച്ചുകളിലായി 823 പേര്‍ക്ക് യാത്ര ചെയ്യാം
ബെംഗളൂരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ ബെംഗളൂരു മലയാളികള്‍ക്ക് കൂടുതല്‍ ആശ്വാസമാകും. യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ ലാഭിക്കാന്‍ സാധിക്കുമെന്നതിനാലാണത്. കൂടാതെ നാട്ടിലേക്കുള്ള രാത്രി യാത്രക്ക് ആഴ്ചയില്‍ അയ്യായിരത്തോളം അധിക ബെര്‍ത്തുകള്‍ കൂടി ലഭിക്കും.

നിലവില്‍ പകല്‍ സര്‍വീസ് നടത്തുന്ന എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ 12 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും എന്ന നിഗമനം.
കുഷ്യന്‍ ബെര്‍ത്തുകള്‍, ഓട്ടമാറ്റിക് വാതിലുകള്‍, കവച് സുരക്ഷ സംവിധാനം എന്നിവയും വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകളാണ്. 16 കോച്ചുകളുള്ള ബെംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പറില്‍ 823 പേര്‍ക്കു യാത്ര ചെയ്യാം. തേഡ് എസിയില്‍ 611 പേര്‍ക്കും സെക്കന്‍ഡ് എസിയില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാം. ഭക്ഷണം ഉള്‍പ്പെടെ തേഡ് എസിയില്‍ 2300 രൂപയും സെക്കന്‍ഡ് എസിയില്‍ 3000 രൂപയും ഫസ്റ്റ് എസിയില്‍ 3600 രൂപയുമായിരിക്കും ഏകദേശ നിരക്കെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന.

വന്ദേഭാരത് സ്ലീപ്പറിന്റെ റൂട്ട് കോട്ടയം വഴിയായാല്‍ മധ്യകേരളത്തിലുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. ബെംഗളൂരുവില്‍ നിന്ന് കോട്ടയം വഴി തിരുവനന്തപുരം സെന്‍ട്രല്‍ വരെ 858 കിലോമീറ്ററാണുള്ളത്. എന്നാല്‍ 2 സ്ലീപ്പര്‍ റേക്കുകള്‍ ലഭിച്ചാല്‍ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സര്‍വീസ് നടത്താന്‍ കഴിയൂ.

Scroll to Top