ഇ വി എം നോഡല്‍ ഓഫീസര്‍ ജില്ലയില്‍ എത്തി

രാജസ്ഥാന്‍ ഇ വി എം നോഡല്‍ ഓഫിസര്‍ സുരേഷ് ചന്ദ്ര ഐ എ എസ്. ജില്ലയില്‍ എത്തി. 2026 കേരള നിയമ സഭ പൊതുതെരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധന നടക്കുന്ന ഹാള്‍ സന്ദര്‍ശിച്ചു. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ നിര്‍മാണ കമ്പനിയായ ബി ഇ എല്‍ ലെ എഞ്ചിനിയര്‍ യാസീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തുന്നത്. പരിശോധനയില്‍ വിജയിക്കുന്ന മെഷീനുകള്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ജനുവരി മൂന്ന് മുതല്‍ നടക്കുന്ന പരിശോധനയില്‍ 560 സെറ്റ് മെഷീനുകള്‍ പരിശോധിച്ചു. പരിശോധന ഈ മാസം അവസാന വാരം വരെ നീണ്ടു നില്‍ക്കും. പ്രാഥമിക പരിശോധനയില്‍ ഇ.വി എം നോഡല്‍ ഓഫീസര്‍ തൃപ്തി രേഖപ്പെടുത്തി. പരിശോധന നേരില്‍ വീക്ഷിക്കുന്നതിന് എത്തിച്ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സിദ്ദിഖ് പടപ്പ്,ഉമ്മര്‍ പാടലടുക്ക,കൂക്കള്‍ ബാലകൃഷ്ണന്‍,മൊഹമ്മദ് നൗഷിദ് എന്നിവരോട് ഇ.വി എം നോഡല്‍ ഓഫീസര്‍ സംസാരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍ഡോസല്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ലിപു എസ് ലോറന്‍സ്, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍ , ഇലക്ഷന്‍ വിഭാഗംജൂനിയര്‍ സൂപ്രണ്ട് എ രാജീവന്‍, മറ്റ് തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top