എലിപ്പനി: രണ്ടു വര്‍ഷത്തില്‍ 443 മരണം

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചത് എലിപ്പനി ബാധിച്ച്

പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചത് 443 പേര്‍. 2024ല്‍ 220 പേര്‍ക്കും 2025ല്‍ 223 പേര്‍ക്കുമാണ് എലിപ്പനി കാരണം ജീവന്‍ നഷ്ടമായത്. രണ്ടു വര്‍ഷവും ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചത് എലിപ്പനി മൂലമാണ്. കൂടാതെ, 2024ല്‍ മറ്റു 166 പേരും 2025ല്‍ 169 പേരും മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്.
2024ല്‍ 3520 പേര്‍ക്കും 2025ല്‍ 3469 പേര്‍ക്കുമാണ് എലിപ്പനി ബാധിച്ചത്. രണ്ടു വര്‍ഷങ്ങളിലും 200ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കാര്യക്ഷമമായ നടപടിയെടുക്കാനായിട്ടില്ല. എലിപ്പനിക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാതിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. ആരോഗ്യവകുപ്പിന്റെ ബോധവത്കരണങ്ങള്‍ എല്ലാവരിലേക്കും കൃത്യമായി എത്താത്തതും പോരായ്മയായി.

എലിപ്പനിക്കു പുറമെ ഡെങ്കിപ്പനി ബാധിച്ച് 2024ല്‍ 99 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 81 പേരും മരിച്ചു. എച്ച്1 എന്‍1 58 പേരുടെ ജീവനെടുത്തു. പേവിഷബാധ സ്ഥിരീകരിച്ച 22 പേരും മരണത്തിന് കീഴടങ്ങി. പനി-17, ചിക്കന്‍ പോക്സ്-16, ചെള്ളുപനി-19, വെസ്റ്റ് നൈല്‍-ഏഴ് എന്നിങ്ങനെയും മരണങ്ങളുണ്ടായി. ഉറവിടം അറിയാതെ പകര്‍ന്ന അമീബിക് മസ്തിഷ്‌ക ജ്വരമാണ് 2025ല്‍ സംസ്ഥാനത്തെ ഭീതിയിലാക്കിയത്. പിഞ്ചുകുഞ്ഞിന് ഉള്‍പ്പെടെ രോഗം ബാധിച്ചു. കുളങ്ങളില്‍ കുളിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ പൊതുജലാശയങ്ങള്‍ ഉപയോഗിക്കാന്‍ ജനം മടിക്കുന്ന സ്ഥിതിയായി. 201 പേര്‍ക്ക് രോഗം കണ്ടെത്തിയതില്‍ 47 പേരാണ് മരിച്ചത്. മരണനിരക്ക്’ കൂടുതലായതും ആശങ്കക്ക് ഇടയാക്കിയിരുന്നു.

ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 69 പേരും ഡെങ്കിപ്പനി ബാധിച്ച് 56 പേരും കഴിഞ്ഞ വര്‍ഷം മരിച്ചു. പകര്‍ച്ചപ്പനി 43 പേരുടെ ജീവനെടുത്തു. പേവിഷബാധ സ്ഥിരീകരിച്ച 28 പേരും മരിച്ചു. ചെള്ളുപനി-13, പനി-18, ചിക്കന്‍ പോക്സ്-10, മലേറിയ-രണ്ട്, നിപ-രണ്ട് എന്നിങ്ങനെയും മരണങ്ങളുണ്ടായി. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നാലുപേര്‍ക്കാണ് നിപ സ്ഥിരീകരിച്ചിരുന്നത്. മഴക്കാല പൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായിട്ടുണ്ട്. പലയിടത്തും യഥാസമയം അഴുക്കുചാലുകളും മറ്റും വൃത്തിയാക്കല്‍ നടന്നില്ല. ഈ വര്‍ഷം ജനുവരി നാലു വരെ ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ച് ഓരോ രോഗികള്‍ മരിച്ചു. 47 പേര്‍ക്ക് ഡെങ്കിപ്പനിയും 15 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

Scroll to Top