പെരിയ: ഭാവി ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെ ചാലകശക്തിയാകാന്‍ യുവഗവേഷകരെ സന്നദ്ധരാക്കി 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം. കേരള കേന്ദ്ര സര്‍വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരളയും സംയുക്തമായി പെരിയ ക്യാമ്പസില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സമ്മേളനം ആശയങ്ങളുടെ സമ്മേളനമായി മാറി. വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തില്‍ വിവിധ മേഖലകളായി തിരിച്ച് നടന്ന ചര്‍ച്ചയും സംവാദവും ഭാവിയുടെ പ്രതിഫലനം കൂടിയായിരുന്നു. ആറ് വേദികളിലായി അരങ്ങേറിയ വിവിധ സെഷനുകളില്‍ മൂന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും സംബന്ധിച്ചു. 238 പ്രബന്ധ, പോസ്റ്റര്‍ അവതരണങ്ങളും നടന്നു.
സമാപന സമ്മേളനത്തില്‍ കൊടഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ്. ആളുര്‍ മുഖ്യപ്രഭാഷണം നടത്തി. നിലവിലുള്ള പഠനരീതിയില്‍ മാറ്റം വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികളിലെ പ്രഭാഷണങ്ങള്‍ക്ക് പുറമെ ഗവേഷണം, ഇന്നവേഷന്‍, ഫീല്‍ഡ് വര്‍ക്ക് എന്നിവക്ക് ഊന്നല്‍ നല്‍കിയും സംരംഭകത്വ ചിന്തകള്‍ വളര്‍ത്തിയും വിദ്യാര്‍ത്ഥികളെ നയിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിക്കണം. സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക് സഹകരണവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിന് ആവശ്യമായ അന്തരീക്ഷം ഒരുക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ പ്രധാന പങ്കുണ്ട്. സമ്മേളനത്തിന്റെ ലക്ഷ്യം കേരള കേന്ദ്ര സര്‍വകലാശാല മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ സെഷനുകളിലെയും മികച്ച പ്രബന്ധത്തിന് യുവ ശാസ്ത്ര പുരസ്‌കാരവും മികച്ച ഓറല്‍ പ്രസന്റേഷനുകള്‍, പോസ്റ്റര്‍ പ്രസന്റേഷനുകള്‍ എന്നിവക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു. സ്വദേശി സയന്‍സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ.ബി. ഹെബ്ബാര്‍, ഹൈദരാബാദ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി. അപ്പാ റാവു, ധര്‍വാര്‍ഡ് ഐഐടി ഡീന്‍ പ്രൊഫ. എസ്.എം. ശിവപ്രസാദ്, കെഎല്‍ഇ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഡീന്‍ അക്കാദമിക് പ്രൊഫ. എന്‍.എച്ച്. ആയാചിത്, കേരള അക്കാദമി ഓഫ് സയന്‍സസ് പ്രസിഡണ്ട് പ്രൊഫ. ജി.എം. നായര്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം മുന്‍ അധ്യക്ഷന്‍ ഡോ. കെ. മുരളീധരന്‍, സയന്‍സ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ എന്നിവര്‍ സംസാരിച്ചു.
മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് സ്വദേശി സയന്‍സ് കോണ്‍ഗ്രസ്
പെരിയ: പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ടത്തിന്റെ സംരക്ഷകനുമായ പ്രൊഫ. മാധവ് ഗാഡ്ഗിലിനെ സ്വദേശി സയന്‍സ് കോണ്‍ഗ്രസില്‍ അനുസ്മരിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ഗാഡ്ഗിലിന്റെ ചിത്രത്തില്‍ ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാര്‍ത്ഥികളും പുഷ്പാര്‍ച്ചന നടത്തി. ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സെന്റര്‍ ഫോര്‍ എക്കോളജിക്കല്‍ സയന്‍സിലെ എനര്‍ജി ആന്റ് വെറ്റ്ലാന്റ്സ് റിസര്‍ച്ച് ഗ്രൂപ്പ് കോര്‍ഡിനേറ്ററും ഗാഡ്ഗിലിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന ഡോ. ടി.വി. രാമചന്ദ്ര അനുസ്മരണ പ്രഭാഷണം നടത്തി.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ധൈര്യത്തോടെ സത്യം വിളിച്ചുപറയാനുമാണ് ഗാഡ്ഗില്‍ എന്നും പഠിപ്പിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പ്രകൃതിയുണ്ടെങ്കില്‍ മാത്രമാണ് സമൂഹത്തിന് നിലനില്‍ക്കാന്‍ സാധിക്കുക. എന്നാല്‍ നിക്ഷിപ്ത താത്പര്യക്കാര്‍ റിപ്പോര്‍ട്ട് ജനവിരുദ്ധമാണെന്നാരോപിച്ച് രംഗത്തുവന്നു. രാജ്യത്തിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളെ തെറ്റായി ചിത്രീകരിച്ച് പ്രചരണം നടത്തി. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. എക്കാലവും ജനങ്ങളുടെ ശാസ്ത്രജ്ഞനായി അദ്ദേഹം ജനമനസ്സുകളില്‍ ഉണ്ടാകുമെന്നും ഡോ. ടി.വി. രാമചന്ദ്ര അനുസ്മരിച്ചു.
ചോദ്യങ്ങളുമായി കുട്ടികള്‍; വിജ്ഞാനം തുറന്ന് ശാസ്ത്രജ്ഞര്‍
പെരിയ: ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഭാവിയില്‍ ടൈം ട്രാവല്‍ സാധ്യമാക്കുമോ?. ശാസ്ത്രത്തിന് പരിധി ഉണ്ടോ?. നിര്‍മ്മിത ബുദ്ധി എല്ലാം ചെയ്താല്‍ മനുഷ്യര്‍ ജോലിക്കായി എന്തു ചെയ്യും?. തുടരെ ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍. ഓരോന്നും ഉദാഹരണസഹിതം വിശദീകരിച്ച് ശാസ്ത്രജ്ഞരും. കേരള കേന്ദ്ര സര്‍വകലാശാലയില്‍ 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശാസ്ത്രജ്ഞരുമായുള്ള സംവാദം വ്യത്യസ്ത അനുഭവമായി.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 250ലേറെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. കൊടഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ്. ആളുര്‍, ധര്‍വാര്‍ഡ് ഐഐടി പ്രൊഫസറും ഡീനുമായ ഡോ. എസ്.എം. ശിവപ്രസാദ്, കെഎല്‍ഇ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഡീന്‍ അക്കാദമിക് പ്രൊഫ. എന്‍.എച്ച്. ആയാചിത്, കേരള അക്കാദമി ഓഫ് സയന്‍സസ് പ്രസിഡണ്ട് പ്രൊഫ. ജി.എം. നായര്‍, പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫ. പി.സി. ദേശ്മുഖ് എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
സംവാദത്തില്‍ ഏറെയും നിറഞ്ഞുനിന്നത് നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും ആശങ്കകളുമായിരുന്നു. എഐ ഭാവിയുടെ സാധ്യതയാണെന്നതില്‍ ശാസ്ത്രജ്ഞര്‍ എല്ലാവരും യോജിച്ചു. നിര്‍മ്മിത ബുദ്ധി ഭാവിയില്‍ കൂടുതല്‍ വികസിപ്പിക്കപ്പെടും. ഇതില്‍ പുതിയ തലമുറക്കും അവരുടേതായ പങ്ക് വഹിക്കാന്‍ സാധിക്കും. സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് പുതിയ തൊഴില്‍ മേഖലകളും സൃഷ്ടിക്കപ്പെടും. ശാസ്ത്രത്തിന് പരിമിതികള്‍ ഇല്ലെന്നും സത്യം കണ്ടെത്തുന്നതിനായുള്ള അതിന്റെ പ്രയാണം എപ്പോഴും തുടരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.




