ടോപ് ക്ലാസ് കോലി! ബാറ്റര്‍മാരില്‍ ഒന്നാമതെത്തി സൂപ്പര്‍താരം, രോഹിത് മൂന്നാമത്

ന്യൂഡല്‍ഹി: ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി. 785 റേറ്റിങ് പോയന്റുകളോടെയാണ് കോലി ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തെത്തിയത്. കിവീസ് താരം ഡാരില്‍ മിച്ചല്‍ രണ്ടാമതും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതുമാണ്.

അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് കോലിക്ക് നേട്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. മാത്രമല്ല, കിവീസിനെതിരായ ആദ്യ ഏകദിനത്തില്‍ അര്‍ധസെഞ്ചുറിയും തികച്ചു. 91 പന്തില്‍ നിന്ന് കോലി 93 റണ്‍സെടുത്തു. അതോടെയാണ് കോലി ബാറ്റര്‍മാരില്‍ ഒന്നാമതെത്തിയത്. നാലുവര്‍ഷത്തിന് ശേഷമാണ് കോലി റാങ്കിങ്ങില്‍ വീണ്ടും തലപ്പത്തെത്തുന്നത്. ഇതിന് മുന്‍പ് 2021 ജൂലായിലാണ് താരം ഒന്നാമതെത്തിയിരുന്നത്.

രണ്ടാമതുള്ള ഡാരില്‍ മിച്ചലിന് 784 റേറ്റിങ് പോയന്‍ന്റുകളാണുള്ളത്. കോലിയേക്കാള്‍ ഒരു പോയന്റ്‌റ് മാത്രമാണ് കുറവ്. രണ്ട് സ്ഥാനം പിന്നിലേക്ക് പോയ രോഹിത് 775 റേറ്റിങ്ങോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണത്. അഫ്ഗാന്‍ താരം ഇബ്രാഹിം സദ്രാന്‍ നാലാമതും ഇന്ത്യന്‍ ഏകദിനക്യാപ്റ്റന്‍ ശുഭ്മാന് ഗില്‍ അഞ്ചാമതുമാണ്. പാക് താരം ബാബര്‍ അസമാണ് പട്ടികയില്‍ ആറാമത്.

Scroll to Top