അണ്ടര്‍ 19 ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യമത്സരത്തില്‍ ഇന്ത്യ യുഎസ്എയെ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ കൗമാരസൂപ്പര്‍ താരം വൈഭവ് സൂര്യവംശിയിലേക്കാണ്. ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിക്കാറുള്ള 14കാരനായ വൈഭവ് ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മത്സരത്തില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാനുള്ള അവസരവും വൈഭവിനെ തേടിയെത്തിയിരിക്കുകയാണ്. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടക്കാനുള്ള സുവര്‍ണാവസരമാണ് ലോകകപ്പില്‍ വൈഭവിനെ കാത്തിരിക്കുന്നത്. യുഎസ്എയ്ക്കെതിരായ അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ ആറ് റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞാല്‍, യൂത്ത് ഏകദിനങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലിയെ മറികടക്കാന്‍ വൈഭവിന് സാധിക്കും.
യൂത്ത് ഏകദിനങ്ങളില്‍ 25 ഇന്നിംഗ്സുകളില്‍ നിന്ന് (28 മത്സരങ്ങള്‍) 46.57 ശരാശരിയില്‍ 978 റണ്‍സാണ് കോഹ്ലി നേടിയിട്ടുള്ളത്. അതേസമയം വൈഭവ് സൂര്യവംശി യൂത്ത് ഏകദിനങ്ങളില്‍ 18 ഇന്നിംഗ്സുകളില്‍ 54.05 ശരാശരിയില്‍ ആകെ 973 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും നാല് അര്‍ദ്ധസെഞ്ച്വറികളുമടക്കമാണ് വൈഭവിന്റെ സമ്പാദ്യം. ഇതോടെ ആറ് റണ്‍സ് നേടിയാല്‍ റെക്കോര്‍ഡില്‍ വിരാടിനെ മറികടക്കാന്‍ വൈഭവിന് കഴിയും.
അതേസമയം യൂത്ത് ഏകദിന ക്രിക്കറ്റില്‍ 1,000 റണ്‍സ് തികയ്ക്കാന്‍ വൈഭവ് സൂര്യവംശിക്ക് ഇനി 27 റണ്‍സ് കൂടി നേടിയാല്‍ മതി. ശുഭ്മന്‍ ഗില്‍, ഉന്മുക്ത് ചന്ദ് എന്നിവര്‍ യഥാക്രമം 13, 17 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചതിന് ശേഷം ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി വൈഭവ് മാറും. ഇതോടെ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ കളിക്കാരനായി വൈഭവ് മാറും.




