കണ്ണൂര്‍: കേരളാ ഖാദി ആന്‍ഡ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ഇന്ധന വില്‍പ്പനയിലേക്ക്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി രണ്ട് പെട്രോള്‍ പമ്പുകള്‍ തുടങ്ങാനാണ് ഖാദി ബോര്‍ഡ് പദ്ധതി. പിലാത്തറ-പാപ്പിനിശ്ശേരി റോഡരികില്‍ പാപ്പിനിശ്ശേരിയിലും കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാതയരികില്‍ മാവുങ്കാലിലുമാണ് ഖാദി ബോര്‍ഡിന്റെ സ്ഥലത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നത്. പാപ്പിനിശ്ശേരിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. മാവുങ്കാലിലേതിനുള്ള കടലാസ് പണികള്‍ പുരോഗമിക്കുകയാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഖാദി ബോര്‍ഡിന് കീഴില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങളില്‍നിന്ന് വൈവിധ്യവത്കരണത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പെട്രോള്‍ പമ്പെന്നും ജയരാജന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഖാദി ബോര്‍ഡിന്റെ സ്ഥലത്ത് അതിഥിമന്ദിരങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആസ്തിവിവരം ശേഖരിച്ച് അത് ഏതൊക്കെ രീതിയില്‍ വിനിയോഗിക്കാമ്മെന്നത് സംബന്ധിച്ച് ബോര്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞതായും ജയരാജന്‍ പറഞ്ഞു.
പുതിയ തലമുറയ്ക്കായുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കി വരുമാനം കൂട്ടാനുള്ള പദ്ധതിയുമായാണ് ബോര്‍ഡ് മുന്നോട്ട് പോകുന്നതെന്ന് സെക്രട്ടറി ഡോ. കെ.എ. രതീഷ് പറഞ്ഞു. 3077 സൊസൈറ്റികളാണ് നിലവിലുള്ളത്. അവയെക്കുറിച്ച് പഠിച്ച് വരുമാന വര്‍ധനയ്ക്ക് അനുയോജ്യമായ പദ്ധതികളൊരുക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.




