3 അമൃത് ഭാരത് അടക്കം കേരളത്തിന് 4 പുതിയ ട്രെയിനുകള്‍; പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫ്ളാഗ് ഓഫ് ചെയ്യുക.

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമുണ്ട്. നാഗര്‍കോവില്‍-ചര്‍ലാപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിന് ലഭിക്കുക.

ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത വൈദ്യുതീകരണവും റെയില്‍വേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊര്‍ണൂര്‍ സ്റ്റേഷനുകള്‍ ഇത്തരത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചവയാണ്.

ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ദിവസവും സര്‍വീസ് നടത്തും. വൈകീട്ട് 6.10-ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് 6.50-ന് തൃശ്ശൂരിലെത്തും. തൃശ്ശൂരില്‍നിന്ന് രാത്രി 8.10-ന് പുറപ്പെട്ട് 8.45-ന് ഗുരുവായൂരിലെത്തും.

Scroll to Top