കൊതുകുകള്‍ നിരന്തരം മനുഷ്യനെ തന്നെ കടിക്കുന്നത് എന്തുകൊണ്ട്? പഠനം പറയുന്നതിങ്ങനെ
മനുഷ്യരും കൊതുകുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ ഒരു പഠനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് കൊതുകുകള്‍ മനുഷ്യനെ തന്നെ നിരന്തരം കടിക്കുന്നതെന്ന ചോദ്യത്തിനാണ് കൃത്യമായ ഉത്തരം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കൊതുകുകള്‍ മനുഷ്യരിലാണ് കൂടുതല്‍ ആകൃഷ്ടര്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന് കാരണവും മനുഷ്യന്റെ കയ്യിലിരിപ്പാണ്.
മനുഷ്യര്‍ നടത്തുന്ന വനനശീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് കൊതുക്കിന്റെ ഈ രീതിക്ക് കാരണമെന്നാണ് ഫ്രണ്ടിയേഴ്സ് ഇന്‍ എക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നത്. ബ്രസീലിലുള്ള കൊതുകുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കാടുകള്‍ നശിപ്പിക്കപ്പെടുന്നതിന് പിന്നാലെ വന്യജീവികളുടെ എണ്ണം കുറയുന്നു. ഇതോടെ രക്തംകുടിക്കുന്ന വിഭാഗത്തില്‍പ്പെട്ട ഈ ജീവികള്‍ക്ക് മറ്റ് വഴിയില്ലാത്ത അവസ്ഥയായി. ഇതോടെ പകരക്കാരായി ഇവര്‍ തെരഞ്ഞെടുത്തത് മനുഷ്യരെ തന്നെയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ബ്രസീലിലെ അലാന്റിക്ക് ഫോറസ്റ്റിലെ രണ്ട് വന്യജീവി സങ്കേതങ്ങളിലാണ് റിയോ ഡി ജനീറോയിലവെ ഫെഡറല്‍ യൂണിവേഴ്സിറ്റി, ഓസ്വാള്‍ഡോ ക്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകര്‍ പഠനം നടത്തിയത്. അമ്പത്തിരണ്ട് സ്പീഷ്യസ് കൊതുകുകളിലാണ് പഠനം നടത്തിയത്. ഇവര്‍ കെണികളൊരുക്കി പിടികൂടിയ കൊതുകുകളെ പഠനത്തിനായി ഉപയോഗിക്കുകയാണ് ഉണ്ടായത്.
1700 കൊതുകുകളില്‍ നിന്നും പെണ്‍ കൊതുകുകളെ ആദ്യം വേര്‍തിരിച്ചു. ഇതില്‍ 24 എണ്ണത്തിന് തിരിച്ചറിയാന്‍ കഴിയുന്ന ഡിഎന്‍എയാണെന്നു ഗവേഷകര്‍ മനസിലാക്കി. ഇവിടെ ഗവേഷകരെ അമ്പരിപ്പിച്ച കാര്യം ഈ ഡിഎന്‍എയില്‍ പതിനെട്ട് വ്യത്യസ്ത മനുഷ്യരുടെ ചില അടയാളങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. അറ്റ്ലാന്റിക്ക് വനങ്ങളില്‍ നിന്നും ലഭിച്ച കൊതുകള്‍ മനുഷ്യ രക്തം കുടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതെന്ന് ഓസ്വാള്‍ഡോ ക്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ബയോളജിസ്റ്റായ ജെറോനിമോ അലന്‍സര്‍ വിശദീകരിക്കുന്നു.
അന്തരീക്ഷ താപനില ഉയരുന്നത് കൊതുക്കിന്റെ കാലചക്രത്തെ സ്വാധീനിക്കുന്നുണ്ട്. ഇവയുടെ പ്രചനന കാലത്തെ ഇവ നീട്ടാന്‍ ഇടയാക്കി. അതോടെ മനുഷ്യരക്തത്തിനായുള്ള വിഷപ്പും ഇവയ്ക്ക് കൂടി. മനുഷ്യന്റെ കയ്യേറ്റങ്ങള്‍ ഇവയുടെ ആവാസവ്യവസ്ഥയിലേക്കായപ്പോള്‍ സമ്പര്‍ക്കം കൂടുതല്‍ എളുപ്പമാവുന്ന നിലയിലായി. പ്രകൃതിദത്തമായി ഇവയ്ക്ക് ലഭിച്ചിരുന്ന ഉറവിടങ്ങള്‍ ലഭ്യമല്ലാതെ വന്നതോടെ കൊതുകുകള്‍ പുത്തന്‍ രക്ത ഉറവിടങ്ങള്‍ തേടിപ്പോയി. ഒടുവില്‍ അവര്‍ കണ്ടെത്തിയത് മനുഷ്യരെ തന്നെയായെന്ന് ഫെഡറല്‍ യൂണിവേഴ്സിറ്റി ഗവേഷകനായ സെര്‍ജിയേ മച്ചാഡോ പറയുന്നു.
ഡെങ്കി, സിക്ക, മലേറിയ അടക്കമുള്ള രോഗങ്ങള്‍ പരത്തുന്നത് കൊതുകുകളാണ്. കൊതുകുജന്യ രോഗങ്ങള്‍ മൂലം ലോകത്ത് വര്‍ഷാവര്‍ഷം ഒരു മില്യനോളം ആളുകളാണ് മരിക്കുന്നത്




