ഇന്‍സുലിനെ ഓര്‍ത്ത് വിഷമിക്കേണ്ട, ഈ ‘പഞ്ചസാര’ പുലിയാണ്! മധുര പ്രേമികള്‍ അറിയാന്‍

ഇന്‍സുലിനെ ഓര്‍ത്ത് വിഷമിക്കേണ്ട, ഈ ‘പഞ്ചസാര’ പുലിയാണ്! മധുര പ്രേമികള്‍ അറിയാന്‍

സാധാരണ പഞ്ചസാര പോലെ തന്നെ രുചിയുള്ള എന്നാല്‍ അതിലും മികച്ച ഗുണമുള്ള പ്രകൃതിദത്തമായ പഞ്ചസാര കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇതില്‍ കലോറി വളരെ കുറവാണ്. മാത്രമല്ല ഇതു ഉപയോഗിച്ചാല്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുകയുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ ഉറപ്പ് നല്‍കുന്നത്. ഈ പുത്തന്‍ കണ്ടുപിടിത്തം ടേബിള്‍ ഷുഗറിനും കൃത്രിമമായി മധുരം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ആരോഗ്യ ഗുണങ്ങളുള്ളതുമാണ്.

ഈ പഞ്ചസാരയ്ക്ക് നല്‍കിയിരിക്കുന്ന പേര് ടാഗറ്റോസ് എന്നാണ്. 92ശതമാനത്തോളം സൂക്രോസിന്റെ അതേ മധുരമാണ് ഇതിനുള്ളതെങ്കിലും മൂന്നിലൊന്ന് കലോറി മാത്രമാണ് ഉള്ളത്. സാധാരണയായി ഉപയോഗിക്കുന്ന പഞ്ചസാര, മറ്റ് കൃത്രി മമായ സബ്സ്റ്റിറ്റിയൂട്ടുകള്‍ എന്നിവ പോലയല്ല ഈ പഞ്ചസാര. ഇവ രക്തത്തിന്റെ ഗ്ലൂക്കോസ് നിലയില്‍ ചെറിയ സ്വാധീനം മാത്രമാണ് ഉണ്ടാക്കുന്നത്. പ്രമേഹം അല്ലെങ്കില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയുള്ളവര്‍ക്ക് ഇതൊരു ആശ്വാസകരമായ കാര്യമാണ്. സെല്‍ റിപ്പോര്‍ട്ട്സ് ഫിസിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ടാഗറ്റോസിനെ കുറിച്ച് വിശദീകരിക്കുന്നത്.

Tufts യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ബയോടെക്നോളജി ഫേമുകളായ യുഎസിലെ Manus Bio, ഇന്ത്യയിലെ Kcat Enzymatic എന്നിവയുമായി ചേര്‍ന്ന് വലിയ അളവില്‍ ടാഗറ്റോസ് ഉത്പാദിപ്പിക്കാനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും ഇവ പ്രകൃതിദത്തമായി തന്നെയുണ്ട്. എന്നാല്‍ ഇവയുടെ അളവ് പരിമിതമാണെന്നതാണ് വാണിജ്യമായ ഉപയോഗത്തിന് തടസമാകുന്നത്. നിലവിലുള്ള ഉത്പാദനരീതികള്‍ ചെലവേറിയതും മതിയായരീതിയിലുള്ളതുമല്ല. ഇതിനും ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്.

ശാസ്ത്രജ്ഞര്‍ Escherichia coli ബാക്ടീരിയെ എന്‍ജിനീയറിങ് ചെയ്താണ് ഈ രീതിയിലേക്ക് എത്തിയത്. സ്ലൈം മോള്‍ഡില്‍ നിന്നും ഒരു പുതിയ എന്‍സൈം ഇവര്‍ കണ്ടെത്തി. ഇതിനെ galactose-1-phosphate-selective phosphatase എന്നാണ് വിളിക്കുന്നത്. ഇതാണ് ഗ്ലൂക്കോസിനെ ടാഗറ്റോസായി മാറ്റുന്നത്. 95 ശതമാനം ഉത്പാദനക്ഷമമാണിത്. നിലവിലുള്ള രീതികളെക്കാള്‍ വലിയ മാറ്റമാണ് ഇതുവഴി ഉണ്ടായത്.

ടാഗറ്റോസ് പല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ഉപയോഗിക്കുന്നത് ഓറല്‍ ബാക്ടീരിയെയും വലിയ രീതിയില്‍ ബാധിക്കില്ല. കൃത്രിമ മധുരം നല്‍കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നും വിഭിന്നമായി ബേക്കിങ് താപനിലയെ പ്രതിരോധിക്കാന്‍ കഴിയുന്ന വസ്തുവാണ് ടാഗറ്റോസ്. 2032ഓടെ ടാഗറ്റോസിന്റെ വിപണി 250മില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top