‘ബ്രെയിന്‍ ട്യൂമര്‍ ആണ്; മരിച്ച് പോകും എന്ന് കരുതി’; ക്രിക്കറ്റ് ഉപേക്ഷിച്ചതിനെ കുറിച്ച് അഖില്‍ മാരാര്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുംബൈ ഹീറോസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരള സ്‌ട്രൈക്കേഴ്‌സ് കരുത്ത് കാണിച്ചത്. ഉണ്ണി മുകുന്ദന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിനെ മൂന്ന് പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തിച്ചത് 30 പന്തില്‍ 74 റണ്‍സ് അടിച്ചെടുത്ത മദന്‍ മോഹന്റെ ഇന്നിങ്‌സ് ആണ്. കേരള സ്‌ട്രൈക്കേഴ്‌സ് ജയത്തോടെ ടൂര്‍ണമെന്റിന് തുടക്കമിട്ടപ്പോള്‍ ടീമില്‍ അംഗമായ സിനിമാ സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി

ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെ ആവണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും അതിനായി പരിശ്രമിക്കാനോ പരിശീലിക്കാനോ തയ്യാറായില്ല. പിന്നെ കളിക്കളത്തില്‍ തുടര്‍ച്ചയായി കുഴഞ്ഞ് വീണ് ബോധം പോയി. എനിക്ക് ബ്രെയിന്‍ ടൂമര്‍ ആണെന്നും ഞാന്‍ മരിച്ച് പോകും എന്നും ഞാന്‍ എന്നോട് പറഞ്ഞു, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഖില്‍ മാരാര്‍ പറയുന്നു.

അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാലറിയില്‍ ഇരുന്ന് കേരള സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ആര്‍പ്പ് വിളിച്ചവന്‍ നാളെ വിശാഖ പട്ടണതേക്ക് ടീമിനൊപ്പം യാത്ര ചെയ്യുവാണ്.

നാല് വയസ് മുതല്‍ ഓല മടല്‍ ബാറ്റും ബാളുമായി ക്രിക്കറ്റിന്റെ പിന്നാലെ അലഞ്ഞ പയ്യന്‍. ക്രിക്കറ്റ് കളിയുള്ള ദിവസം അമ്മ അറിയാതെ ക്ലാസ് കട്ട് ചെയ്തു ടീവി ഉള്ള ആരുടെയെങ്കിലും വീട്ടില്‍ പോയി കളി കണ്ട് നടന്നവന്‍. ഒളിച്ചും പാത്തും അമ്മ അറിയാതെ കളിക്കാന്‍ പോയതും പിടിക്കപ്പെട്ടപ്പോള്‍ ഓല മടല്‍ ബാറ്റ് പിടിച്ചു പറിച്ചു അമ്മ അടിച്ചതും ഒക്കെ ഇന്നത്തെ രസമുള്ള ഓര്‍മ്മകള്‍…

കൊല്ലം ജില്ലയിലെ ഒട്ടുമിക്ക എല്ലാ ഗ്രൗണ്ടിലും പല ടീമുകള്‍ക്ക് കളിച്ചു നടന്ന കാലം. അന്നത്തെ ബൗളിങ്ങിന്റെ വേഗതയും യോര്‍ക്കര്‍ എറിയുന്ന കൃത്യതയും കണ്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്ന സജീവ് അണ്ണന്‍ എന്നെ ശ്രദ്ധിക്കുകയും MRF പേസ് ഫൗണ്ടേഷനില്‍ ട്രെയിനിങ്ങിന് വിടുന്ന കാര്യം ഒക്കെ സംസാരിച്ചു എന്ന് കേട്ടിരുന്നു.. പിന്നീട് അദ്ദേഹത്തിന്റെ ടീമിന്റെ ഓപ്പണിങ് ബൗളര്‍ ആയി.

ക്രിക്കറ്റില്‍ എന്തെങ്കിലും ആവണം എന്നൊക്കെ ചിന്തിച്ചെങ്കിലും അതിനായി പരിശ്രമിക്കാനോ പരിശീലിക്കാനോ ശ്രമിച്ചില്ല.. പിന്നീട് ഒരിക്കല്‍ കളിക്കളത്തില്‍ കുഴഞ്ഞു വീണ് അതിന് ശേഷം തുടര്‍ച്ചയായി കുഴഞ്ഞു വീണ് ബോധം പോയി. എനിക്ക് ബ്രയിന്‍ ടൂമര്‍ ആണെന്നും ഞാന്‍ മരിച്ചു പോകും എന്ന് ഞാന്‍ എന്നോട് പറഞ്ഞു. കാശില്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പോയില്ല. പകരം ക്രിക്കറ്റ് ഉപേക്ഷിച്ചു.

പിന്നീട് തൈറോയ്ഡ് പ്രശ്‌നം ആയിരുന്നു കാരണം എന്നൊക്കെ കണ്ടെത്തിയെങ്കിലും രാഷ്ട്രീയവും സിനിമയ്ക്ക് പിന്നാലെ ഉള്ള ഓട്ടവും ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ കാരണമായി. സച്ചിന്‍ വിരമിച്ചത് മറ്റൊരു തരത്തില്‍ ക്രിക്കറ്റില്‍ നിന്നും അകലാന്‍ ഒരു കാരണമായി.

പക്ഷെ ഒരിക്കല്‍ സ്വപ്നം കണ്ടത് മറ്റൊരു രീതിയില്‍ വന്ന് ചേര്‍ന്നിരിക്കുന്നു. അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിക്കാനും അത് ലോകം മുഴുവന്‍ ഹോട്ട് സ്റ്റാര്‍ വഴി കാണാനും ഉള്ള ഭാഗ്യം. അപൂര്‍വമായി ഒരാള്‍ക്ക് ലഭിക്കുന്ന ഭാഗങ്ങളില്‍ ഒന്നാണ് ഒരേ സമയം സിനിമയിലും, സ്‌പോര്‍ട്‌സിലും, രാഷ്ട്രീയത്തിലും ഭാഗമായി നില്‍ക്കാന്‍ കഴിയുക എന്നത്. ആരും കൊണ്ട് തന്നതല്ല നേടി എടുത്തതാണ്.

Scroll to Top