നിയമസഭ തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍ -കളക്ടര്‍

കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക്
വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയില്‍ തയ്യാറായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനയും ജില്ലയില്‍ പൂര്‍ത്തിയായി. പുതുതായി രൂപവത്കരിച്ച 158 ബൂത്തുകള്‍ അടക്കം ജില്ലയില്‍ 1141 ബൂത്തുകളാണ് നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കിയത്. വോട്ടിങ്ങിനായി 1426 ബാലറ്റ് യൂണിറ്റുകള്‍, 1426 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 1538 വിവിപാറ്റുകള്‍ എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂര്‍ത്തിയായത്. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുശതമാനം യന്ത്രങ്ങളിലാണ് മോക്ക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തിയത്.

രാഷ്ട്രീയകക്ഷിനേതാക്കളായ ബിജു ഉണ്ണിത്താന്‍, കെ. സുകുമാര്‍,
രാജീവന്‍ നമ്പ്യാര്‍, ഇമ്മാനുവേല്‍ എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രീയകക്ഷി
പ്രതിനിധികള്‍ തിരഞ്ഞെടുത്ത മോക് പോളില്‍ 28 യന്ത്രങ്ങളില്‍ 500
വോട്ടുകളും 28 യന്ത്രങ്ങളില്‍ ആയിരം വോട്ടുകളും 15 മെഷിനുകളില്‍ 1200
വോട്ടും ചെയ്താണ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തിയത്. ഇലക്ഷന്‍
ഡെപ്യൂട്ടി കളക്ട്ടര്‍ എ.എന്‍. ഗോപകുമാര്‍, എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി
കളക്ടര്‍ ലിപു എസ്. ലോറന്‍സ്, ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന്‍, ഇവിഎം
നോഡല്‍ ഓഫീസറായ സീനിയര്‍ സൂപ്രണ്ട് കെ. രാഘവന്‍ എന്നിവര്‍ മോക്ക്
പോളിന് നേതൃത്വം നല്‍കി.

Scroll to Top