കാസര്‍ഗോഡ്: ലിംഗവിവേചനത്തിനെതിരായ ജനകീയ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കും സംയുക്തമായി സംഘടിപ്പിച്ച ‘നയി ചേതന 4.0’ ജില്ലാതല ക്വിസ് മത്സരം ആവേശമായി. കാസര്‍ഗോഡ് ഡി.പി.സി ഹാളില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും തുല്യനീതി ഉറപ്പാക്കുന്നതിനും വിപുലമായ ബോധവല്‍ക്കരണം അത്യാവശ്യമാണെന്ന് രതീഷ് പിലിക്കോട് പറഞ്ഞു.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സി.ഡി.എസ് പ്രതിനിധികള്‍ പങ്കെടുത്ത മത്സരത്തില്‍ മഞ്ചേശ്വരം സിഡിഎസിലെ ടീം അംഗങ്ങളായ കെ പി പൂജ ലക്ഷ്മി, കെ എം സഫ്രീന എന്നിവര്‍ ഒന്നാം സ്ഥാനവും കുറ്റിക്കോല്‍ സി ഡി എസിലെ കെ സുദിന, സജിത പി എന്‍
വലിയ പറമ്പ സി ഡി എസിലെ രജിത സി , കദീജ എം സി എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനാണ് ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു. സ്ത്രീശക്തികരണം, നിയമപരമായ അവകാശങ്ങള്‍, സാമൂഹിക വിഷയങ്ങള്‍ എന്നിവ ആസ്പദമാക്കി നടന്ന മത്സരം പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും ഒരുപോലെ അറിവ് പകരുന്നതായി. ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. മനു , ഇ ശോഭന, എസ് ഹര്‍ഷിത, ബിനി മോള്‍, ടി കെ രേഷ്മ, പി രാജലക്ഷ്മി, കെ ശ്രീജില, യദു രാജ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സ്‌നേഹിത പ്രവര്‍ത്തകര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.




