കുമ്പള : വീട്ടുകാര്‍ ഉത്സവത്തിനുപോയ സമയത്ത് സ്വര്‍ണവും വെള്ളിയും പണവും കവര്‍ന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച പണമുള്‍പ്പെടെ 31.67 ലക്ഷം രൂപയുടെ ഉരുപ്പടികളാണ് കവര്‍ന്നത്. കുമ്പള നായിക്കാപ്പിലെ മിന ഹൗസില്‍ ചൈത്രയുടെ വീട്ടില്‍ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.
കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്ര, മറ്റു കുടുംബാംഗങ്ങളോടൊപ്പം കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന് പോയിരുന്നു. വൈകിട്ട് ആറരയ്ക്കും എട്ടിനുമിടയിലാണ് മോഷണം നടന്നത്. വീട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ മുറികള്‍ക്കുള്ളില്‍ വെളിച്ചം കണ്ടു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും കവര്‍ന്നു. അഭിഭാഷകയുടെ പരാതിപ്രകാരം കുമ്പള പോലീസ് കേസെടുത്തു. കാസര്‍കോട്ടുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.




