ആധുനിക മീന്‍മാര്‍ക്കറ്റുണ്ട്; പക്ഷേ, കച്ചവടം മുറ്റത്ത്

പാലക്കുന്ന് : ആധുനിക സൗകര്യത്തോടെ പ്രവര്‍ത്തനം തുടങ്ങിയ
പാലക്കുന്നിലെ ഉദുമ പഞ്ചായത്ത് മീന്‍ മാര്‍ക്കറ്റ് കെട്ടിടം മിക്ക ദിവസങ്ങളിലും അടഞ്ഞുകിടക്കുന്നു. ചന്ത കെട്ടിടത്തിന്റെ മുറ്റത്തിരുന്നുള്ള മീന്‍കച്ചവടംമൂലം മലിനജലം റോഡരികില്‍ കെട്ടിനിന്ന് പരിസരം മുഴുവന്‍ ചീഞ്ഞ് നാറുന്നു.
കഴിഞ്ഞ നവംബര്‍ ആറിനാണ് ആധുനിക സൗകര്യമുള്ള മീന്‍ചന്ത ഉദ്ഘാടനംചെയ്തത്. കെട്ടിടം തുറന്നുകിടന്നാലും ചിലര്‍ പുറത്തിരുന്ന് മീന്‍ വില്‍പ്പന നടത്തുന്നതിനാണ് താത്പര്യപ്പെടുന്നത്. വൈകുന്നേരത്തോടെ സ്ത്രീകളായ മീന്‍ കച്ചവടക്കാര്‍ പോയശേഷം വാഹനത്തില്‍ മീന്‍വില്‍ക്കുന്ന സംഘം പതിവായി കെട്ടിടത്തിന്റെ മുറ്റത്ത് തമ്പടിക്കുന്നുണ്ട്.

പള്ളിക്കര, കീഴൂര്‍ ഭാഗങ്ങളില്‍നിന്നെത്തുന്നവരും കെട്ടിടത്തിന്‍ന്റെ മുറ്റത്ത് കൊരുപ്പുകട്ട നിരത്തിയ സ്ഥലത്തിരുന്നാണ് വില്‍പ്പന. അവരെല്ലാം ഒഴുക്കുന്ന മീന്‍വെള്ളമാണ് റോഡരികില്‍ കെട്ടിക്കിടന്ന് ചീഞ്ഞ് നാറുന്നത്.
കെട്ടിടത്തിനുള്ളിലെ മലിനജലം മുഴുവനും ടാങ്കിലേക്ക് ഒഴുകുന്നവിധമാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ പുറത്തെ കച്ചവടം ഒഴിവായാല്‍ മാത്രമേ നേരത്തെ ഉദുമ പഞ്ചായത്ത് നടപ്പാക്കിയ ക്ലീന്‍ പാലക്കുന്ന് യാഥാര്‍ഥ്യമാകുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ ഭരണസമിതികള്‍ പല ഘട്ടങ്ങളിലായി കേസുകള്‍ തീര്‍ത്ത് വാങ്ങിയ സ്ഥലത്ത് 61 ലക്ഷം രൂപ മുടക്കിയാണ് ഇപ്പോഴത്തെ മീന്‍ ചന്ത കെട്ടിടം തീര്‍ത്തത്.

നടത്തിപ്പുകാര്‍ പിന്‍വാങ്ങുന്നു
മീന്‍ ചന്ത കെട്ടിടത്തിന്റെ നടത്തിപ്പ് ഒരുവര്‍ഷത്തേക്ക് 2,11,500 രൂപയ്ക്ക് ലേലംചെയ്ത് കൊടുത്തിരുന്നു. കോട്ടിക്കുളത്തെ ലഷ്മി മോഹനന്‍ ആണ് ഒരു വര്‍ഷത്തേക്കുള്ള ഈ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്നിലൊന്ന് തുകയായ 70500 രൂപ കെട്ടിവയ്ക്കുകയുംചെയ്തു.
എന്നാല്‍ നടത്തിപ്പ് ലാഭകരമല്ലെന്ന് അറിഞ്ഞതോടെ കരാറുകാരി നടത്തിപ്പുചുമതലയില്‍നിന്ന് ഒഴിവാക്കിതരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കി. ഈ കത്ത് പരിഗണിച്ച കഴിഞ്ഞ ഭരണസമിതി യോഗം പുനര്‍ലേലം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതുവരെ പഴയ കരാര്‍ നിലനിര്‍ത്താനും തീരുമാനിച്ചു. നഷ്ട്ടക്കരാര്‍ ആയതിനാല്‍ ദിവസവും ചന്ത കെട്ടിടം തുറക്കാനും അടക്കാനും ജീവനക്കാരെ നിയോഗിച്ചിട്ടില്ല. അങ്ങനെയാണ് ചന്ത കെട്ടിടത്തിന്റെ മുറ്റവും മീന്‍കച്ചവട കേന്ദ്രമാകുന്നത്.

Scroll to Top