സൈക്കിളില്‍ ‘സര്‍ക്കീട്ടിനിറങ്ങിയ’ കുടുംബം കാസര്‍കോട്ടെത്തി

തൃക്കരിപ്പൂര്‍ : സൈക്കിളില്‍ സര്‍ക്കീട്ടിനിറങ്ങിയ മലപ്പുറത്തെ കുടുംബം
ഇനി കാസര്‍കോടന്‍ കാഴ്ചകള്‍ കാണും. ജോലി രാജിവെച്ച് കേരളം കാണാനിറങ്ങിയ മലപ്പുറം പാണ്ടിക്കാട്ട് നിന്നുള്ള ദമ്പതിമാരായ ആശിഖും വര്‍ദയും മക്കളുമൊത്ത് ജില്ലയിലെത്തി. പ്രകൃതിപഠനം മറ്റെന്തിനേക്കാളും പ്രധാനമാണെന്ന ചിന്തയില്‍നിന്നാണ് പരിസ്ഥിതിസൗഹൃദ യാത്രയ്ക്ക് ഇവര്‍ നാന്ദികുറിക്കുന്നത്. ഇരുവരും സൈക്കിള്‍യാത്ര നടത്തുന്നത് പ്രകൃതിയുടെ വിശാല പാഠപുസ്തകത്തിലേക്കാണ്. മക്കളായ 10 വയസ്സുകാരന്‍ കാഹില്‍ അര്‍ശും മൂന്ന് വയസ്സുകാരന്‍ ആര്യന്‍ അര്‍ശും ഒപ്പമുണ്ട്.

പെരിന്തല്‍മണ്ണയില്‍നിന്ന് ജനുവരി ഒന്നിന് ആരംഭിച്ച യാത്ര 21 ദിവസം കൊണ്ടാണ് ജില്ലയിലെത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രാപദ്ധതികള്‍ ഇവര്‍ക്കില്ല. നാട് കണ്ടുതീരുംവരെ ഈ ചക്രങ്ങളുരുളും. മൂന്ന് സൈക്കിളുകളിലായാണ് യാത്ര. മൂന്ന് വയസ്സുകാരനായ ആര്യന്‍ മാതാവിന്റെ സൈക്കിളിന്റെ പിറകിലിരിക്കും. നാലാം ക്ലാസുകാരന്‍ കാഹിലിന്റെ കുഞ്ഞുസൈക്കിള്‍ ആശിഖിന്റെ സൈക്കിളിനൊപ്പം ഘടിപ്പിച്ചതാണ്. ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ യുകെയില്‍നിന്നാണ് ഇറക്കുമതി ചെയ്തത്.

സെയില്‍സില്‍ ജോലിചെയ്തിരുന്ന ആശിഖും ഫാര്‍മസിസ്റ്റായിരുന്ന വര്‍ദയും ജോലി രാജിവെച്ചാണ് ഈ സര്‍ക്കീട്ടിനിറങ്ങിയത്. യാത്രയ്ക്കുള്ള ചെലവിന് തുക യാത്രക്കിടയില്‍തന്നെ സുഗന്ധവില്പനയിലൂടെ കണ്ടെത്തുന്നു. മൂത്തമകന്‍ കാഹിലിന്റെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ കേള്‍ക്കുന്നു.
അഞ്ച് വര്‍ഷമായി ആശിഖ് സൈക്കിള്‍ സവാരികള്‍ നടത്തുന്നുണ്ട്. ജില്ലയിലെത്തിയ കുടുംബത്തിന് തൃക്കരിപ്പൂര്‍ സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം, ഉപദേശകസമിതിയംഗം എം.സി. ഹനീഫ, എസ്.ആര്‍. ഫൈസല്‍ സലാം, മുസ്തഫ മാര്‍ത്താണ്ഡന്‍, കെ.വി. ഷാജി, ബി.സി. യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top