സഞ്ജുവിന്റെ ടെറിറ്ററി ഡാ! കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ഉണരുമ്പോള്‍ ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ആകെ ടിക്കറ്റുകളുടെ 80 ശതമാനവും വിറ്റഴിഞ്ഞതായി സംഘാടകര്‍ ഔദ്യോഗികമായി അറിയിച്ചു. ജനുവരി 31നാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 മത്സരം നടക്കുക.
ബുക്കിങ് പോര്‍ട്ടല്‍ തുറന്ന ആദ്യ മണിക്കൂറുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് അപ്ലിക്കേക്ഷന്‍ സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് മുന്‍പ് നടന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തുന്ന വേഗതയാണിതെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
ലോക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ന്യൂസിലാന്റും നേര്‍ക്കുനേര്‍ വരുന്നു എന്നതും, നീണ്ട ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് പുരുഷന്മാരുടെ അന്താരാഷ്ട്ര മത്സരം എത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണിന്റെ സാന്നിധ്യവും കുറഞ്ഞ ടിക്കറ്റ് നിരക്കും വില്‍പ്പനയുടെ വേഗത വര്‍ദ്ധിപ്പിച്ച പ്രധാന ഘടകങ്ങളാണ്.




