സി.ഒ.എ കാസര്‍കോട് ജില്ലാ സമ്മേളനം;സംഘാടക സമിതി രൂപീകരിച്ചു.

കാസര്‍കോട് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സിഒഎ-യുടെ 15-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 16-ന് കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ ആര്‍.കെ മാളില്‍ നടക്കും. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കും നടത്തിപ്പിനുമായി സുസജ്ജമായ സംഘാടക സമിതി രൂപീകരിച്ചു. പാലക്കുന്നിലെ കാസര്‍കോട് വിഷന്‍ ടവറില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ സന്തതികളാണ് മാധ്യമങ്ങളെന്ന് ചൂണ്ടിക്കാട്ടിയ എം.പി പുതിയകാല മാധ്യമ പ്രവര്‍ത്തനത്തിലെ മൂല്യച്ച്യുതികളെക്കുറിച്ചും എടുത്തു പറഞ്ഞു. കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നും സമൂഹത്തിനാകെ തണലേകുന്ന ഒരു വട വൃക്ഷമായി ഇവരുടെ സംരംഭം മാറിയിരിക്കുന്നുവെന്നും എം.പി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, സതീഷ്.കെ.പാക്കം, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍, സി.ഒ.എ കാസര്‍കോട് മേഖലാ സെക്രട്ടറി പാര്‍ത്ഥസാരഥി എന്നിവര്‍ സംസാരിച്ചു.
സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ സ്വാഗതവും ട്രഷറര്‍ പി.വിനോദ് നന്ദിയും പറഞ്ഞു.സംഘാടക സമിതിയുടെ രക്ഷാധികാരിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയേയും, ചെയര്‍മാനായി ഷുക്കൂര്‍ കോളിക്കരയേയും, ജനറല്‍ കണ്‍വീനറായി ഹരീഷ്.പി.നായരേയും, വൈസ് ചെയര്‍മാന്‍മാരായി എ.സുനില്‍ കുമാര്‍, ദിവാകര എന്നിവരേയും, കണ്‍വീനറായി പാര്‍ത്ഥസാരഥിയേയും ട്രഷററായി പി.വിനോദിനെയും തെരഞ്ഞെടുത്തു.

Scroll to Top