റായ്പൂര്‍: ഇന്ത്യ – ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ16 ഓവറില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ സൂര്യകുമാറിന്റെയും ഇഷാന്‍ കിഷന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്.
ന്യൂ റായ്പൂരിലെ ഷഹീന്‍ വീര്‍ നാരായണ്‍ സിങ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിനയച്ചു. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. രചിന്‍ രവീന്ദ്രയുടെയും ക്യാപ്റ്റന്‍ സാന്റ്‌നറുടെയും ബാറ്റിങ്ങിന്റെ മികവിലാണ് ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 26 പന്തില്‍ രണ്ട് ബൗണ്ടറിയും നാല് സിക്സറുമായി 44 റണ്‍സാണ് രചിന്‍ രവീന്ദ്ര നേടിയത് അതെ സമയം 27 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 47 റണ്‍സാണ് സാന്റ്‌നര്‍ നേടിയത്. ടിം സെയ്‌ഫെര്‍ട്ടും ഡെവോണ്‍ കോണ്‍വേയും മെച്ചപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്തു. ഇന്ത്യക്കായി ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശിവം ദുബേ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ട്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. മലയാളി താരം സഞ്ജു സാംസണ്‍ വെറും ആറ് റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. തൊട്ടടുത്ത് ഓവറില്‍ അഭ്യുഷേക് ശര്‍മയും പുറത്തായി. എന്നാല്‍ പുറകെ വന്ന ഇഷാന്‍ കിഷന്റെയും ക്യാപ്റ്റന്‍ സൂര്യകുമാറിന്റെയും ബാറ്റിങ് മികവില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 32 പന്തില്‍ 11 ബൗണ്ടറികളും നാല് സിക്സറുകളും പറത്തി 76 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്‌കോര്‍ ചെയ്തത്. പത്താം ഓവറില്‍ ഇഷ് സോഡിയുടെ പന്തില്‍ ഇഷാന്‍ കിഷന്‍ പുറത്താകുമ്പോള്‍ 128 റണ്‍സില്‍ എത്തിയിരുന്നു ഇന്ത്യ. പുറകെ വന്ന ശിവം ദുബേയുമൊത്ത് ബാറ്റ് ചെയ്ത സൂര്യകുമാര്‍ 16 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 37 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്സറും പറത്തി 82 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 18 പന്തില്‍ 36 റണ്‍സ് നേടിയ ശിവം ദുബേയും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0 എന്ന ലീഡ് നേടാന്‍ ഇന്ത്യക്കായി. അടുത്ത മത്സരം ഞായറാഴ്ച ഗുവാഹത്തിയിലാണ് നടക്കുക.




