ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിയ്ക്ക് വീഴ്ച. സ്വര്‍ണം ചെമ്പാക്കിയ മിനുട്ട്‌സിന്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ല. എ പത്മകുമാറിനെതിരായ നിര്‍ണായക തെളിവിലാണ് മെല്ലപ്പോക്ക്. ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാന്‍ കയ്യക്ഷരം പരിശോധിക്കണം. ഇതിനായി സാംപിള്‍ ശേഖരിച്ചത് മൂന്ന് ദിവസം മുന്‍പാണ്. പത്മകുമാര്‍ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി. ഫലം ലഭിക്കാതെ കുറ്റപത്രവും നല്‍കാനായേക്കില്ല.
അതേസമയം മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യത്തിലിറങ്ങാതിരിക്കാന്‍ പുതിയ കേസുകളെടുക്കാനാണ് പൊലീസ് നീക്കം. റിയല്‍ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളില്‍ കേസ് എടുത്തേക്കും. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിടും.
തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ പോറ്റിക്കെതിരെ നേരത്തെ പരാതികള്‍ എത്തിയിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാന്‍ നീക്കം. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള പന്ത്രണ്ടാം പ്രതിയും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അറസ്റ്റും എസ്‌ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമെന്നാണ് ഹര്‍ജിയിലെ ആരോപണം.




