ട്വന്റി 20 ലോക കപ്പ് ബഹിഷ്‌കരിച്ചാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് എന്ത് സംഭവിക്കും

ടീം പ്രഖ്യാപനം നടത്തി, പക്ഷേ ട്വന്റി 20 ലോകകപ്പിലെ പങ്കാളിത്തത്തില്‍ ഇതുവരെ സസ്പെന്‍സ് അവസാനിച്ചിട്ടില്ല. പറഞ്ഞുവരുന്നത് പാക്കിസ്ഥാനെക്കുറിച്ചാണ്. ഐസിസിയുമായുള്ള ഭിന്നതകളെത്തുടര്‍ന്ന് വിശ്വകിരീടപ്പോരിന് മുന്‍ ചാമ്പ്യന്മാരെത്തുമോയെന്നതാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ തയാറാകുമോ പാക്കിസ്ഥാന്‍, അങ്ങനെ സംഭവിച്ചാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടാകുന്ന നഷ്ടങ്ങളും പ്രത്യാഘാതങ്ങളും എന്തൊക്കെയായിരിക്കും. ലോകകപ്പിനെത്തിയാലും ഇന്ത്യയുമായുള്ള മത്സരത്തിന് തയാറാകുമോ സല്‍മാന്‍ അഗ നയിക്കുന്ന സംഘം?

ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ തയാറാകില്ല എന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനൊപ്പം പാക്കിസ്ഥാന്‍ ഉറച്ചുനിന്നതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് തുടക്കമാകുന്നത്. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിനേയും ഇക്കാര്യത്തിലെ ഐസിസിയുടെ സമീപനത്തേയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ മൊഹ്‌സിന്‍ നഖ്വി രൂക്ഷമായി വിമര്‍ശിച്ചു . ഇതോടെയാണ് ലോകകപ്പ് കളിക്കുന്ന തീരുമാനം പാക് സര്‍ക്കാരുമായി ആലോചിച്ച ശേഷമെന്ന് നഖ്വി പ്രഖ്യാപിച്ചതും.

എന്നാല്‍, പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായുള്ള നഖ്വിയുടെ ചര്‍ച്ചയില്‍ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടില്ല. വെള്ളിയാഴ്ച അല്ലെങ്കില്‍ തിങ്കളാഴ്ച വ്യക്തത ലഭിക്കുമെന്നാണ് നഖ്വി അറിയിച്ചിരിക്കുന്നതും. എല്ലാ സാധ്യതകളും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലൊന്ന് ലോകകപ്പ് ബഹിഷ്‌കരണമാണ്. ഇത് സംഭവിച്ചാല്‍ സാമ്പത്തിക നഷ്ടമാത്രമായിരിക്കില്ല പാക്കിസ്ഥാന് സംഭവിക്കുക, മറിച്ച് പാക് ക്രിക്കറ്റിന്റെ ഭാവിതന്നെ തുലാസിലാകും. ആദ്യം സാമ്പത്തിക നഷ്ടങ്ങള്‍ എത്രത്തോളമായിരിക്കുമെന്ന് നോക്കാം.

Scroll to Top