തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ക്രമക്കേടുകളടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുന്നു. പോലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ മധുസൂദനന്‍ എന്നിവരും സ്ഥലത്തുണ്ട്.
ആദ്യം ഐജി സ്പര്‍ജന്‍ കുമാര്‍ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരായ അന്വേഷണത്തില്‍ തന്നേക്കാള്‍ ജൂനിയറായ ഐജി സ്പര്‍ജന്‍ കുമാറിനെ മൊഴിയെടുക്കാന്‍ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നല്‍കിയിരുന്നു. ഐജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴി നല്‍കില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പിന്നീടാണ് അജിത് കുമാറിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ ഡിജിപി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി ഇന്ന് പൊലീസ് ആസ്ഥാനത്ത് എത്തിയത്. അതേസമയം അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനമടക്കം 5 ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഈ ശുപാര്‍ശ വിജിലന്‍സിന് കൈമാറിയാല്‍ ആരോപണങ്ങളില്‍ വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും.