Advertisement

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും നിര്‍ണായകം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ വിധി നാളെ

By kcnchannel / October 8, 2026

കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിര്‍ണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ നാളെ ഹൈക്കോടതി സിം?ഗിള്‍ ബെഞ്ച് വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുക. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ കെ എം ഷാജഹാനാണ് ഹര്‍ജി നല്‍കിയത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാര്‍ശ ചെയ്തത്. പ്രാഥമിക പരിശോധന നടക്കുന്നുണ്ടെന്നും ആദ്യം തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, അഴിമതിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും അന്വേഷണ ഏജന്‍സി ശേഖരിച്ച വിവരങ്ങള്‍ തന്നെയാണ് കൈമാറിയതെന്നും അതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നമാണ് ഇ ഡിയുടെ നിലപാട്.

പിണറായിക്ക് പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി

മാസപ്പടി കേസില്‍ ഇ ഡിയുടെ കുരുക്ക് മുറുക്കുന്നതിനിടെ പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാനുള്ള നീക്കത്തിലാണ് സി പി എം. കോണ്‍ഗ്രസൊഴികെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തില്‍ ഒക്ടോബര്‍ പകുതിയോടെ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങാനാണ് തീരുമാനം