Advertisement

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

By kcnchannel / October 8, 2026

ദില്ലി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളാണ് ഒക്ടോബര്‍ 10 വരെയുള്ള തങ്ങളുടെ റിയാദ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.

ആക്രമണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ദില്ലിയില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം (AI2243) യാത്ര മധ്യേ അടിയന്തരമായി ദില്ലിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഗുജറാത്തിന് മുകളിലൂടെ അറബിക്കടലിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പൈലറ്റുമാര്‍ വിമാനം യു-ടേണ്‍ അടിച്ച് തിരികെ കൊണ്ടുപോയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എയര്‍ലൈനുകള്‍ സര്‍വീസുകള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചത്.

പെട്ടെന്നുണ്ടായ വിമാനം റദ്ദാക്കല്‍ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്കായി വിമാനക്കമ്പനികള്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി തിരികെ നല്‍കാനോ യാത്രക്കാര്‍ക്ക് അധിക നിരക്കുകള്‍ ഇല്ലാതെ തന്നെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റുകള്‍ സൗജന്യമായി മാറ്റി നല്‍കാനോ തയ്യാറാണെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒക്ടോബര്‍ 10ന് ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വക്താക്കള്‍ അറിയിച്ചു.

സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, തെക്കന്‍ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ, മക്കയിലേക്കും മദീനയിലേക്കുമുള്ള ആകാശപാത ഒഴികെ സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തി മുഴുവന്‍ തങ്ങളുടെ സൈനിക നടപടികളുടെ പരിധിയിലാണെന്നും അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇവിടെ സര്‍വീസ് നടത്തുന്നതിനെതിരെ അവസാന മുന്നറിയിപ്പ് നല്‍കുകയാണെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കിയിരുന്നു.