‘ഞങ്ങള്‍ റെഡിയാണ് കേട്ടോ, പിന്‍മാറുന്നെങ്കില്‍ പെട്ടെന്ന് പറയണം’; പാകിസ്താനെ ട്രോളി ഐസ്ലന്‍ഡ്
ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടി20 ലോകകപ്പില്‍ നിന്ന് പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ട്രോളി ഐസ്ലന്‍ഡ് ക്രിക്കറ്റ്. ബംഗ്ലാദേശ് ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താനും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാനുള്ള ആലോചനയിലെത്തിയത്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലന്‍ഡിനെ ലോകകപ്പ് കളിപ്പിക്കാന്‍ ഐസിസി തീരുമാനിച്ചതോടെ പാകിസ്താനും ടൂര്‍ണമെന്റ് കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാകിസ്താനെ ട്രോളി ഐസ്ലന്‍ഡ് ക്രിക്കറ്റ് രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്‍ പിന്മാറുകയാണെങ്കില്‍ ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ തയ്യാണാണെന്നാണ് ഐസ്ലന്‍ഡ് പറയുന്നത്.
‘ലോകകപ്പിലെ പങ്കാളിത്ത കാര്യത്തില്‍ പാകിസ്താന്‍ എത്രയും വേഗം ഒരു തീരുമാനമെടുക്കണം. ഫെബ്രുവരി രണ്ടാം തീയതി അവര്‍ പിന്മാറുകയാണെങ്കില്‍ ഉടന്‍ തന്നെ വിമാനം കയറാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഫെബ്രുവരി ഏഴിന് കൊളംബോയില്‍ എത്തുക എന്നത് വിമാന ഷെഡ്യൂളുകള്‍ കാരണം വലിയൊരു വെല്ലുവിളിയാണ്. ഞങ്ങളുടെ ഓപ്പണിങ് ബാറ്റര്‍ക്ക് ഉറക്കമില്ലായ്മയുടെ പ്രശ്‌നവുമുണ്ട്.’ – ഐസ്ലന്‍ഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതിനിടെ ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും പാകിസ്താനെ ചൊടിപ്പിച്ചിരുന്നു.
ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയതും പാകിസ്താനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതോടെയാണ് ഐസിസിയോടുള്ള പ്രതിഷേധം എന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.




