ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ പര്യടനത്തിനുള്ള പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ആണ് ക്യാപ്റ്റന്‍. പാകിസ്താനെതിരേ മികച്ച പ്രകടനം നടത്തിയ ഷൊരീഫുല്‍ ഇസ്ലാം പരിക്ക് കാരണം ടീമിലുള്‍പ്പെട്ടില്ല.
പാകിസ്താനെതിരേ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയതിന്റെ പകിട്ടിലാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ വിമാനമിറങ്ങുക. രണ്ട് ടെസ്റ്റുകളില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് പരമ്പര നേടിയത്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷൊരീഫുലിന് നാഡിക്കേറ്റ പരിക്ക് വില്ലനായി. രണ്ടാം ടെസ്റ്റില്‍ പാകിസ്താനെ വിജയത്തിലേക്ക് നയിച്ച ലിറ്റണ്‍ ദാസ് വിക്കറ്റ് കീപ്പറാവും. ജാക്കര്‍ അലി അനികിനെയും വിക്കറ്റ് കീപ്പറായി ടീമിലെടുത്തിട്ടുണ്ട്.
ടീം സ്‌ക്വാഡ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മഹ്‌മുദുല്‍ ഹസന്‍ ജോയ്, സാകിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്ലാം, മൊമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍, നഹിദ് റാണ, ഹസന്‍ മഹ്‌മുദ്, തസ്‌കിന്‍ അഹ്‌മദ്, സയിദ് ഖലീല്‍ അഹ്‌മദ്, ജാക്കര്‍ അലി അനിക്.
ചെന്നൈയില്‍ ഈമാസം 19-നാണ് ആദ്യ ടെസ്റ്റ്. കാണ്‍പുരില്‍ സെപ്റ്റംബര്‍ 27-ന് രണ്ടാം ടെസ്റ്റ് നടക്കും. പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തേ ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു