സമസ്ത ശതാബ്ദി;ഗ്ലോബല്‍ എക്സ്പോയ്ക്ക് തുടക്കമായി

കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും സര്‍ഗാത്മക ആവിഷ്‌കാരങ്ങളുമടങ്ങിയ ഗ്ലോബല്‍ എക്സ്പോയ്ക്ക് കുണിയയില്‍ തുടക്കമായി
. കുണിയയില്‍ ഒരുക്കിയ അഞ്ചര ഏക്കര്‍ സ്ഥലത്താണ് എക്സ്പോ നഗരി. ഇന്ന് വൈകുന്നേരം നാലിന് കര്‍ണാടക ഹജ്ജ് വകുപ്പ് മന്ത്രി റഹീം ഖാന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയാകും. ഡോ. ഷഫീഖ് റഹ്‌മാനി വഴിപ്പാറ എക്സ്പോ തീം പരിചയപ്പെടുത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ബാബുരാജ്,
സമസ്ത സമ്മേളന കോര്‍ഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എക്സ്പോ ചെയര്‍മാന്‍ ഹാഷിം ദാരിമി ദേലംപാടി തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ (ശനി) മുതലാണ് എക്സ്പോയില്‍ പ്രവേശനം. നാളെയും മറ്റന്നാളും (ശനി, ഞായര്‍) സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. ഫെബ്രുവരി രണ്ടു മുതല്‍ എട്ടുവരെ പുരുഷന്മാര്‍ക്കുമാണ് എക്സ്പോയില്‍ പ്രവേശനം. വിശാലമായ 10 പവലിയനുകളിലൊന്നായ ഖാസി മുഹമ്മദ് സ്‌ക്വയറില്‍ എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി വരെ അന്തര്‍ ദേശീയ, ദേശീയ മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള പാനല്‍ ഡിസ്‌കഷനുകളും അരങ്ങേറും.
വ്യത്യസ്തമാര്‍ന്ന കാഴ്ചകള്‍ മാത്രമല്ല, അന്തര്‍ ദേശീയ, ദേശീയ മാപ്പിള കലകളുടെ പ്രകടനം, പാട്ടുകള്‍, സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍, ഭൗതിക ചര്‍ച്ചകള്‍ എന്നിവ എക്സ്പോയെ സമ്പന്നമാക്കും. സമസ്ത നൂറാം വാര്‍ഷിക സമ്മേളന സമാപന ദിവസമായ ഫെബ്രുവരി എട്ടുവരെ നടക്കുന്ന എക്സ്പോയില്‍ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും നടക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഏഴുവരെ വൈകുന്നേരം നാലിനാണ് പാനല്‍ ഡിസ്‌ക്ഷനുകള്‍.
ഒന്നിന് ‘അറിഞ്ഞാണോ പഠിക്കുന്നത്’, രണ്ടിന് ദേശാന്തര അടരുകള്‍, മൂന്നിന് കൊവിഡാനന്തര ആരോഗ്യം, നാലിന് ഇശല്‍ കേരളം, അഞ്ചിന് സൈന്‍ ഇന്‍, ആറിന് മനം മടുക്കാമോ, ഏഴിന് ഗ്ലോബല്‍ സഫര്‍ എന്നീ വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങളില്‍ ഈ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. രണ്ടു മുതല്‍ ഏഴുവരെ യഥാക്രമം ബുര്‍ദ മജ്ലിസ്, ദഫ് മുട്ട്, ദ്വീപ് റാത്തീബ്, ഗസല്‍, ഖവാലി, അറബന മുട്ട്, ഇലല്‍ ഹബീബ്, ലഹ്നുല്‍ യമന്‍, അലിഫ് ലാം മീം, ഇന്റര്‍നാഷണല്‍ സൂഫി ഗീത്, ജ്ലിസുന്നൂര്‍, ഫനാഫില്ലാഹ്, മദ് ഹ് മാര്‍ഷപ്പ്, ഖിസ്സപ്പാട്ട്, ഇശല്‍, ആത്മഗീത്, മദ്ഹ് മാര്‍ഷപ്പ്, തൈ്വബ എന്നീ പരിപാടികള്‍ നടക്കും.

Scroll to Top