ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രയ്ക്ക് സഹായിക്കും
ടിക്കറ്റ് ഇല്ലാതെ ആകസ്മികമായി നിങ്ങള്‍ക്ക് ട്രെയിനില്‍ കയറിട്ടുണ്ടോ? അങ്ങനെയെങ്കില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. റെയില്‍വേ നിയമം യാത്രക്കാര്‍ക്കായി ചില നിയമങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് ടിടിഇയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നടപടികളെ പ്രതിരോധിക്കാനും സഹായിക്കും.
ട്രെയിന്‍ കിട്ടാനുള്ള തിരക്ക്, ഓണ്‍ലൈന്‍ ബുക്കിങില്‍ വന്ന പ്രശ്നങ്ങള്‍, അവസാന നിമിഷമുണ്ടാകുന്ന ചില ആശങ്കകള്‍, ചിലപ്പോള്‍ ചില സാഹചര്യങ്ങള്‍ എന്നിവ മൂലം ടിക്കറ്റില്ലാതെ യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറേണ്ടി വരും. ഇതിനിടയില്‍ ടിടിഇ കൂടി പ്രത്യക്ഷപ്പെട്ടാന്‍ ആശങ്ക ഇരട്ടിക്കും.
എത്ര രൂപ പിഴ ഈടാക്കും?, ട്രെയിനില്‍ നിന്നും ഇറങ്ങേണ്ടി വരുമോ?, അവരുടെ പെരുമാറ്റം എങ്ങനെയായിരിക്കും? തുടങ്ങി നിരവധി ചോദ്യങ്ങള്‍ മനസിലുണ്ടാകും. എന്നാല്‍ അറിഞ്ഞിരിക്കേണ്ട കാര്യം റെയില്‍വേ യാത്രക്കാര്‍ക്കായി ചില അവകാശങ്ങള്‍ ഉറപ്പാക്കുന്നുണ്ട് എന്നതാണ്. ഈ നിയമങ്ങളില്‍ നിന്നുകൊണ്ട് മാത്രമേ ടിടിഇയ്ക്കും പ്രവര്‍ത്തിക്കാന്‍ കഴിയു. ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കാം.
ടിക്കറ്റ് ഇല്ലെങ്കില്‍ ടിടിഇയ്ക്ക് എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം എന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. നിങ്ങളുടെ പക്കല്‍ ടിക്കറ്റ് ഇല്ല, അല്ലെങ്കില്‍ ടിക്കറ്റില്‍ തെറ്റുകള്‍ ഉണ്ട് എന്നാണെങ്കില്‍, ടിടിഇയ്ക്ക് ഒരു ക്രിമിനലിനെ പോലെ നിങ്ങളോട് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. റെയില്‍വേ നിയമം അനുസരിച്ച്, യാത്രാക്കൂലിയും ഒരു പിഴയും ഈടാക്കി സാധുതയുള്ള ഒരു ടിക്കറ്റ് നിങ്ങള്‍ക്ക് അവര്‍ നല്‍കും. നിങ്ങള്‍ക്ക് മതിയായ റെസീപ്റ്റും ലഭിക്കണമെന്നാണ് നിയമം പറയുന്നത്. റെസീപ്റ്റ് ഇല്ലാതെ നിങ്ങളുടെ കൈയില്‍ നിന്നും അനാവശ്യമായി പണം ഈടാക്കാന്‍ അവര്‍ക്കാവില്ല.
ഇതുകൂടാതെ നിങ്ങളോട് മോശമായി പെരുമാറുക, ഭീഷണിപ്പെടുത്തുക, മര്യാദയില്ലാത്ത രീതിയില്‍ ഇടപെടുക എന്നിങ്ങനെയൊന്നും ചെയ്യാനുള്ള അവകാശം അവര്‍ക്കില്ല. അവരുടെ ഉത്തരവാദിത്തെ നിയമം എന്താണെന്ന് വിശദീകരിക്കുകയും അതിന് അനുസരിച്ച് നടപടി സ്വീകരിക്കുകയുമാണ്, ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ അല്ലെന്ന് ഓര്‍മവേണം.
നിങ്ങള്‍ക്ക് ലഭിച്ചത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ആണെന്നിരിക്കേ, യാത്ര ചെയ്യുന്നത് സ്ലീപറിലോ, എസി കോച്ചിലോ ആണെന്ന് കരുതുക, സീറ്റ് ലഭ്യമല്ലെങ്കില്‍ ടിടിഇ നിങ്ങളോട് ജനറല്‍ കോച്ചിലേക്ക് മാറാന്‍ പറയാന്‍ സാധ്യതയുണ്ട്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ അല്ലാതെ പെട്ടെന്ന് നിങ്ങളെ പിടിച്ച് പുറത്താക്കാന്‍ അവര്‍ക്ക് കഴിയില്ല. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവരോട് കുറച്ചുകൂടി മൃദുവായി മാത്രമേ ഇടപെടല്‍ നടത്താനും പാടുള്ളു.
ടിടിഇയുടെ ഭാഗത്ത് നിന്നും മോശം ഇടപെടല്‍ ഉണ്ടായാല്‍ എന്ത് ചെയ്യും?
നിങ്ങള്‍ക്ക് റെയില്‍വേ ഹെല്‍പ്പ്ലൈനായ 139ല്‍ വിളിക്കാം അല്ലെങ്കില്‍ ടെക്സ്റ്റ് മെസേജ് അയച്ച് പരാതി രജിസ്റ്റര്‍ ചെയ്യാം. ഇതല്ലെങ്കില്‍ റെയില്‍ മദദ് ആപ്പില്‍ നിങ്ങള്‍ക്ക് ടിടിഇയ്ക്ക് എതിരെ പരാതി നല്‍കാം. ട്രെയിന്‍ നമ്പര്‍, കോച്ച് നമ്പര്‍, സംഭവത്തിന്റെ വിശദാംശം എന്നിവ നല്‍കിയാല്‍ പരാതി റെക്കോര്‍ഡ് ചെയ്യും. ഓര്‍ത്തിരിക്കേണ്ടത്, ടിടിഇയ്ക്ക് നിങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങാനാ ഭീഷണിപ്പെടുത്താനോ ഉള്ള അവകാശമില്ല. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രയ്ക്ക് സഹായിക്കും.




