ഉദുമ : മാപ്പിളപ്പാട്ടിന്റെ ഇമ്പമുള്ള ഈണത്തിനൊപ്പം താളമൊപ്പിച്ചു കൈകള്‍ കൊട്ടുമ്പോള്‍ ആ വേദിയില്‍ വിരിഞ്ഞത് ആത്മവിശ്വാസത്തിന്റെ ആയിരം ഇതളുകളായിരുന്നു. തങ്ങളുടെ പരിമിതികളെ തട്ടമിട്ട മൊഞ്ചു കൊണ്ട് മറികടന്ന ബഡ്സ് സ്‌കൂളിലെ മിടുക്കികള്‍ കോട്ടിക്കുളം നൂറുല്‍ ഹുദ സ്‌കൂളിലെ കലോത്സവ വേദിയില്‍ വിസ്മയം തീര്‍ത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ ഒരുക്കിയ ബഡ്സ് കലോത്സവത്തില്‍ ഒപ്പന മത്സരം വെറുമൊരു മത്സരമല്ല, മറിച്ച് ചേര്‍ത്തുപിടിക്കലിന്റെ മഹോത്സവമായി മാറി.
കണ്ണെഴുതിയും കാതില്‍ ജിമിക്കിയിട്ടും മൈലാഞ്ചി ചോപ്പണിഞ്ഞും വേദിയിലെത്തിയ ഓരോ മിടുക്കിയും കലയുടെ മൊഞ്ചുള്ള പൂത്തിരികളായി.
മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ താളം തെറ്റാതെ കൈകള്‍ കോര്‍ത്തുപിടിച്ചും വട്ടമിട്ടു കറങ്ങിയും അവര്‍ ചുവടുവെച്ചു.വധുവിന്റെ ലജ്ജയും ചുറ്റും നില്‍ക്കുന്ന തോഴിമാരുടെ കൗതുകം നിറഞ്ഞ കുസൃതികളും അതേപടി ആവിഷ്‌കരിക്കാന്‍ ഈ കൊച്ചു കലാകാരികള്‍ക്ക് സാധിച്ചു.തട്ടത്തിന്റെ തിളക്കവും കസവു തുന്നിയ കുപ്പായങ്ങളുടെ അഴകും ഒപ്പനയുടെ ഓരോ കൈകൊട്ടിലും വേറിട്ടുനിന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 13 ടീമുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. പാട്ടിന്റെ താളം മുറുകുമ്പോള്‍ കാണികളും ആവേശത്തിലായി. ഓരോ ടീമും മത്സരം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് സദസ്സ് സ്വീകരിച്ചത്.
പരിശീലകരുടെയും രക്ഷിതാക്കളുടെയും മാസങ്ങള്‍ നീണ്ട കഠിനാധ്വാനം ഓരോ ചുവടിലും നിഴലിച്ചു.




