Saturday, September 21, 2024
Home Kerala നിപ: മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി; തിരുവാലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം തുറക്കില്ല

നിപ: മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി; തിരുവാലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം തുറക്കില്ല

by KCN CHANNEL
0 comment

മലപ്പുറം: നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ നിപ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് കണ്‍ട്രോള്‍ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ക്ക് രാവിലെ 10 മുതല്‍ 7 വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും നേരത്തെ തന്നെ കണ്ടെയ്‌മെന്റ് സോണാക്കിയിരുന്നു.

അതേസമയം മലപ്പുറത്തെ നിപ മരണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കര്‍ണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മരിച്ച മലപ്പുറം സ്വദേശി ബംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണ വീട്ടിലെത്തിയ സഹപാഠികളെയെല്ലാം നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 13 വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തിലാണ്. ഇവരോട് നാട്ടില്‍ തുടരാന്‍ ആരോ?ഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ മലപ്പുറത്തെ നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പ്രത്യേക ഐസലോഷന്‍ വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ മറ്റു പ്രതിസന്ധികള്‍ ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന 24 കാരന്‍ കഴിഞ്ഞ മാസം 22 നാണ് നടുവത്തെ വീട്ടില്‍ വന്നത്. അഞ്ചാം തീയതിയോടെ പനി ബാധിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റിയ യുവാവ് 9 -ാം തിയതിയാണ് മരണപ്പെട്ടത്. പരിസരത്തും ആശുപത്രികളിലുമായി യുവാവിന് വലിയ തോതില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. മരണാനന്തര ചടങ്ങിലും നിരവധിപേര്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ സമ്പര്‍ക്കപട്ടിക നീളാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍. യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് തന്നെ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുണ്ട്.

You may also like

Leave a Comment