ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലും സ്വര്‍ണക്കൊള്ള നടന്നെന്ന സൂചന നല്‍കി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്ന് കണക്കില്ല. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. കൊടിമരത്തില്‍ പൂശാനായി ദേവസ്വം ബോര്‍ഡ് വാങ്ങിയത് 9.16 കിലോ സ്വര്‍ണമായിരുന്നു. സംഭാവനയായി കിട്ടിയത് 412 ഗ്രാമും ലഭിച്ചു. ചലച്ചിത്ര താരം 80 ഗ്രാമും നിര്‍മാതാവ് 247 ഗ്രാമും നല്‍കി.
2017ലാണ് കൊടിമര പുനഃപ്രതിഷ്ഠ നടക്കുന്നത്. 2016ലാണ് സ്വര്‍ണം വാങ്ങുന്ന നടപടി പൂര്‍ത്തിയാക്കിയത്. പുറത്ത് നിന്ന് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ മഹസറുകളില്‍ സ്വര്‍ണം സംഭാവനയായി നല്‍കിയ ഭക്തരുടെ പേരുകള്‍ ഉണ്ട്. തുടര്‍ന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 27 പേര്‍ സ്വര്‍ണ്ണം നല്‍കിയെങ്കിലും മഹാസറില്‍ വിവരങ്ങള്‍ അവ്യക്തം എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കൊടിമര നിര്‍മ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പുനഃപ്രതിഷ്ഠയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും, മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിര്‍ദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.




