ഐക്യാഹ്വാനവുമായി കുഞ്ഞാലികുട്ടി: സുന്നി ഐക്യമെന്നും സമസ്ത-ലീഗ് ഐക്യമെന്നും വ്യാഖ്യാനിച്ച് അണികള്‍

കാസര്‍കോട്: സമൂഹത്തില്‍ ഐക്യം സാധ്യമാക്കണമെന്ന ആഹ്വാനവുമായി മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയതോടെ ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

സുന്നി ഐക്യമാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റെന്നാണ് ഒരു വിഭാഗം ആളുകളുടെ വ്യാഖ്യാനം. ഇടക്കാലത്ത് വഷളായ ലീഗും സമസ്ത ഇ.കെ. വിഭാഗവും തമ്മിലുള്ള ഐക്യത്തിനുള്ള ആഹ്വാനമാണിതെന്നും വ്യാഖ്യാനമുണ്ട്. മുസ്ലിം സമുദായത്തിനുള്ളിലും ഇതരസമുദായങ്ങള്‍ തമ്മിലുള്ള ഐക്യം സാധ്യമാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ഇതുസംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. സമസ്തയുടെ നൂറാംവാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനവേദിയിലും കുഞ്ഞാലിക്കുട്ടി ഐക്യത്തോടെ തന്നെ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐക്യത്തോടെ മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നുമുള്ള രണ്ടുവാക്ക് മാത്രമാണ് അദ്ദേഹം സമസ്ത സമ്മേളനവേദിയില്‍ സംസാരിച്ചത്.

‘അത്യുജ്ജ്വല ചരിത്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാംവാര്‍ഷിക സമാപന മഹാസമ്മേളനം’ എന്നുപറഞ്ഞുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സുന്നി ഐക്യത്തിനുള്ള ആഹ്വാനം നടത്തിയിരുന്നു. സമസ്ത വിട്ടുപോയവരും വിട്ടുനില്‍ക്കുന്നവരുമായ വ്യക്തികളും സംഘടനകളും സമസ്തയിലേക്ക് തന്നെ തിരിച്ചുവരണമെന്നായിരുന്നു തങ്ങള്‍ സമാപനവേദിയില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞത്. രാവിലെ ഒന്‍പതോടെ കുറിച്ച പോസ്റ്റിന് വൈകിട്ട് ആറുവരെ ഏഴായിരത്തോളം ലൈക്കുകളും 353 ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Scroll to Top