ജില്ലാ പദ്ധതി പരിഷ്‌കരണ വികസന സെമിനാര്‍

ജില്ലാ ആസൂത്രണ സമിതി ജില്ലാ പദ്ധതി പരിഷ്‌കരണം വികസന സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനംചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും മുന്‍ഗണനകളും ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കുന്ന ജില്ലാ പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച വിവിധ ഉപസമിതികള്‍ തയ്യാറാക്കിയ കരട് ജില്ലാ പദ്ധതി വിശദമായ ചര്‍ച്ച ചെയ്യുന്നതിനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 2018 ലാണ് ഒടുവില്‍ ജില്ലാ പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി. ജില്ലയുടെ ആധികാരിക വികസന പഠനരേഖയായി ജില്ലാ പദ്ധതി മാറണമെന്ന് സമീപന രേഖ അവതരിപ്പിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ ജിജു പി അലക്‌സ് പറഞ്ഞു. കേരളത്തെ പുനര്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുറച്ചു കൂടി ആധുനികവും ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ കേരളത്തെ സൃഷ്ടിക്കുന്നതിന് യാഥാര്‍ഥ്യബോധത്തോടെയുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്- അദ്ദേഹം പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, കലക്ടര്‍ കെ ഇമ്പശേഖര്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ വി വി രമേശന്‍, പി ബേബി എന്നിവര്‍ സംസാരിച്ചു. അസി. ജില്ലാ പ്ലാനിങ് ഓഫീസര്‍ സുധീഷ് കുമാര്‍ കരട് ജില്ലാ പദ്ധതി അവതരണം നടത്തി. പത്തോളം ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി രാജേഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസ നജ്മുന്നീസ നന്ദിയും പറഞ്ഞു.

Scroll to Top