‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകള്‍ക്ക് മാത്രമല്ല ട്രാന്‍സ് വുമണ്‍ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനാകണം, അതിന് സ്ത്രീ സുരക്ഷാ പദ്ധതി നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷ വികസിത സമൂഹത്തിന്റ അടയാളമാണ്. ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. സ്ത്രീകളുടെ പലതരം നിസ്സഹായവസ്ഥ പരിഗണിക്കപ്പെടുന്നില്ലായിരുന്നു. ഇവിടെയാണ് ഇടപെടല്‍ നടത്തുന്നത്. താങ്ങും തണലും നഷ്ടപെട്ടെവര്‍ക്ക് മാന്യമായി ജീവിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് മാത്രമല്ല ട്രാന്‍സ് വുമണ്‍ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 10.98 ലക്ഷം പേര്‍ ഇതിനകം അപേക്ഷ സമര്‍പിച്ചിട്ടുണ്ട്. അവര്‍ക്ക് എല്ലാം പദ്ധതിയുടെ ഗുണഫലം ലഭിക്കും. സാമ്പത്തികമായ പരാശ്രയത്വം വീടുകള്‍ക്ക് ഉള്ളില്‍ പോലും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. അതിന് പരിഹാരമാണ് പദ്ധതി.

സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിക്കുമ്പോള്‍ കുടുംബത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബങ്ങളുടെ ആത്മവിശ്വാസം സമുഹത്തിന് ആകെ ഗുണകരമായി വരും. ബജറ്റിന്റെ ഗണ്യമായ ഭാഗം സ്ത്രീകള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് നീക്കിവെക്കുന്നത്. സ്ത്രീ സുരക്ഷ പ്രകടന പത്രികയിലെ വാഗ്ദാനം മാത്രല്ല സര്‍ക്കാരിന്റെ വിട്ടു വീഴ്ചയില്ലാത്ത നയം കൂടിയായിരുന്നു. സ്ത്രീ സുരക്ഷാ പദ്ധതി, ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്നതിനായി 105 കോടി രൂപ അനുവദിച്ചു

ഇത് എല്ലാവര്‍ക്കും ബോധ്യമുളള കാര്യമാണ്. സ്ത്രീ സുരക്ഷയില്‍ മാത്രമല്ല, പല കാര്യങ്ങളിലും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. ഇത് ബോധപൂര്‍വ്വമായ ഇടപെടല്‍ കൊണ്ട് സംഭവിച്ചതാണ്. നമുക്ക് ഇരുണ്ട ഒരു കാലം ഉണ്ടായിരുന്നു. തീണ്ടലിനും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ വലിയ പോരാട്ടം നടന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ കൊണ്ടാണ് അതു സംഭവിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവോത്ഥാനത്തിന് ശരിയായ പിന്തുടര്‍ച്ച ഇവിടെ ഉണ്ടായി. അത് കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. പ്രൈമറി തലം മുതല്‍ ഡിഗ്രി തലം വരെയുളള വിദ്യാഭ്യാസം കേരളത്തില്‍ സൗജന്യമായിരിക്കുന്നു.

ഇത് നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന പ്രത്യേകതയാണ്. 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു.ഇതിന് പുറമേയാണ് സ്ത്രീ സുരക്ഷാ പദ്ധതി കൂടി വരുന്നത്. നാം പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ്. ഇതൊക്കെയാണെന്ന് പറയുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുണ്ട്. അവരോടൊപ്പം അല്ല സര്‍ക്കാര്‍. വികസനത്തിന്റെ സ്വാദ് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ ആവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll to Top