നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടന്‍: പുതിയ ഭരണസമിതി വന്നിട്ടും കുമ്പളയിലെ മത്സ്യ മാര്‍ക്കറ്റ് തുറന്നുകൊടുക്കാന്‍ നടപടിയില്ല, ഉദ്ഘാടനത്തിന് മുറവിളി.

കുമ്പള.ലക്ഷങ്ങള്‍ ചിലവഴിച്ച് രണ്ടാം പ്രാവശ്യവും ആധുനിക സൗകര്യങ്ങള്‍ ഒരുക്കി പുനര്‍നിര്‍മ്മിച്ച കുമ്പള മത്സ്യ മാര്‍ക്കറ്റ് കെട്ടിടം തുറന്നു കൊടുക്കാന്‍ ഇനിയും നടപടിയായില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിന് ശേഷം തുറന്നു കൊടുക്കുമെന്ന് കരുതിയ മത്സ്യമാര്‍കറ്റ് നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കൂടി വന്നാല്‍ പിന്നെയും നീളുമെന്ന ആശങ്ക മത്സ്യ വില്പന തൊഴിലാളികള്‍ ക്കുണ്ട്.

മീന്‍ വില്പന മാത്രമല്ല മാംസം,പച്ചക്കറി, പഴം എന്നിവയ്‌ക്കൊക്കെ കെട്ടിടത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, നിലവിലെ കുമ്പളയിലെ മത്സ്യ വില്പന തൊഴിലാളികള്‍ക്ക് മീന്‍ വില്‍പ്പന നടത്താന്‍ തന്നെ കെട്ടിടം അപര്യാപ്തമാണെന്ന് മത്സ്യ വില്പന തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കെട്ടിടം പൂര്‍ണ്ണ സജ്ജമായിട്ടില്ലെന്നും വൈദ്യുതീകരണ ജോലികളും,ഓവുചാല്‍ നിര്‍മ്മാണവും ബാക്കിയുണ്ടെന്നും അധികൃതര്‍ തന്നെ പറയുന്നുമുണ്ട്.മീന്‍ കൊട്ടകളും മറ്റും ശുചീകരിക്കുന്ന സ്ഥലത്ത് നിന്ന് താഴെയുള്ള ഓവുചാലിലേക്ക് മലിന ജലം ഒഴുകിപ്പോകാന്‍ ഇതുവരെ സൗകര്യം ഒരുക്കിയിട്ടുമില്ല.ഇത് തൊട്ടടുത്ത വ്യാപാരികള്‍ ചൂണ്ടിക്കാട്ടുമുണ്ട്. ഇതാണ് ഉദ്ഘാടനത്തിന് കാലതാമസം നേരിടുന്നതും.

ഉദ്ഘാടനം വൈകുന്നത് ഇപ്പോള്‍ മത്സ്യ വില്പന നടത്തുന്ന മത്സ്യ മാര്‍ക്കറ്റ് റോഡിലുള്ള വ്യാപാരികള്‍ക്കാണ് ദുരിതമാകുന്നത്. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് മത്സ്യ വില്പന തൊഴിലാളികളും, വ്യാപാരികളും കൊമ്പു കോര്‍ക്കുന്ന സാഹചര്യമൊക്കെ ഉണ്ടായിരുന്നു.നിരവധി തവണ പോലീസ് ഇടപെടലുകളും,കേസും ഉണ്ടായിട്ടുണ്ട്.വിഷയത്തില്‍ ഐജിയുടെ ഇടപെടല്‍ പോലും ഉണ്ടായിട്ടുണ്ട്.മത്സ്യ വില്പന മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണത്തിന് പണ്ട് അനുവദിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ കെട്ടടങ്ങിയത്.മത്സ്യ മാര്‍ക്കറ്റ് തുറന്നാല്‍ തങ്ങളുടെ ദുരിതം മാറുമെന്ന് വ്യാപാരികളും കരുതുന്നു.ജില്ല വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മത്സ്യമാര്‍ക്കറ്റ് കെട്ടിടം പുനര്‍ നിര്‍മ്മിച്ചത്.

ഫോട്ടോ:കുമ്പളയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മത്സ്യ വില്‍പ്പന കേന്ദ്രം.

Scroll to Top